വയനാട്:സ്വന്തം മണ്ഡലത്തിലെ ജനങ്ങളുടെ ദുരിതത്തില്‍ താങ്ങായി വയനാട് എംപി രാഹുല്‍ ഗാന്ധി. രാഹുലിന്റെ വകയായി 50000 കിലോ അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യസാധനങ്ങളും മറ്റ് അടിയന്തര വസ്തുക്കളും വയനാട്ടിലെത്തിച്ചു. രണ്ടുദിവസം വയനാട്ടിലും മലപ്പുറത്തുമായി മഴക്കെടുതിയനുഭവിക്കുന്നവരുടെ കഷ്ടപ്പാടുകള്‍ നേരിട്ട് കണ്ടശേഷമാണ് രാഹുല്‍ സാധനങ്ങളെത്തിക്കാന്‍ നിര്‍ദേശിച്ചത്. ഉരുള്‍പൊട്ടല്‍ ഇല്ലാതാക്കിയ പുത്തു മലയിലും കവളപ്പാറയിലും രാഹുല്‍ എത്തിയിരുന്നു. ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിച്ചു.
ആദ്യഘട്ടത്തില്‍ പുതപ്പ്, പായ തുടങ്ങിയ അത്യാവശ്യ വസ്തുക്കള്‍ ലഭ്യമാക്കി. രണ്ടാം ഘട്ടത്തില്‍ ഭക്ഷ്യധാന്യങ്ങളും മറ്റ് അവശ്യ വസ്തുക്കളും നല്കി. മൂന്നാം ഘട്ടമായി ക്ലീനിങ് സാധനങ്ങള്‍ ജില്ലയിലെത്തുമെന്ന് നേതാക്കള്‍ അറിയിച്ചു.
അഞ്ച് കിലോ അരിയും ഭക്ഷ്യധാന്യങ്ങളുമടങ്ങിയ കിറ്റാണ് ഓരോ കുടുംബത്തിനും നല്‍കുന്നത്. കോണ്‍ഗ്രസ് പ്രാദേശിക ഘടകങ്ങളിലൂടെയാണ് വിതരണം. ഈ മാസം അവസാനം രാഹുല്‍ ഗാന്ധി വീണ്ടും വയനാട്ടിലെത്തും.