ദില്ലി:കോണ്‍ഗ്രസിന്റെ പതിനൊന്നാം സ്ഥാനാര്‍ത്ഥിപ്പട്ടികയിലും വയനാടും വടകരയുമില്ല. ഇതുവരെ 258 സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാവുന്ന കാര്യത്തില്‍ രാഹുല്‍ ഗാന്ധി ഇന്നു തീരുമാനം പറയുമെന്ന് കേരളനേതാക്കള്‍ പ്രചരിപ്പിച്ചെങ്കിലും പ്രകടനപത്രികയിലെ പ്രധാന പദ്ധതി പ്രഖ്യാപിക്കാന്‍ മാത്രമാണ് രാഹുല്‍ ഗാന്ധി പത്രസമ്മേളനം വിളിച്ചത്.വയനാട്ടില്‍ മല്‍സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നാണ് രാഹുല്‍ഗാന്ധി മുതിര്‍ന്ന നേതാക്കളോട് പറഞ്ഞതെന്നാണ് സൂചന.
രാഹുല്‍ ഗാന്ധിക്കായി വയനാട്ടില്‍ പ്രവര്‍ത്തകര്‍ ആഹ്‌ളാദപ്രകടനം നടത്തിയെങ്കിലും പ്രചരണം മുന്നോട്ടുകൊണ്ടുപോവാനാവാത്തതില്‍ ഭൂരിപക്ഷവും നിരാശയിലാണ്. രാഹുല്‍ വരുമെന്നു കരുതി സ്വയം പിന്‍മാറിയ ടി സിദ്ദിഖ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളില്‍ പങ്കെടുക്കുന്നുണ്ട്.
വടകരയില്‍ കെ.മുരളീധരന്‍ പ്രചരണത്തില്‍ ബഹുദൂരം മുന്നേറിയിട്ടും ഔദ്യോഗികമായി സ്ഥാനാര്‍ത്ഥി
പ്രഖ്യാപനമുണ്ടായിട്ടില്ല. വയനാടിനൊപ്പം പ്രഖ്യാപിക്കാനാണെന്ന് നതാക്കള്‍ പറയുന്നു. എന്നാല്‍ എഐസിസി ഔദ്യോഗികമായി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതിന് മുമ്പ് കേരള നേതാക്കള്‍ പ്രഖ്യാപനം നടത്തിയതില്‍ ദേശീയ നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നാണറിയുന്നത്.