നാഗ്പൂര്‍:രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് വര്‍ഗീയ പരാമര്‍ശവുമായി ബിജെപി അധ്യക്ഷന്‍ അമിത്ഷാ.വയനാട്ടില്‍ നടന്ന റാലി കണ്ടാല്‍ അത് നടക്കുന്നത് ഇന്ത്യയിലാണോ പാകിസ്താനിലാണോ എന്ന് പറയാനാവില്ലെന്ന് അമിത് ഷാ പറയുന്നു. എന്തിനാണ് അത്തരമൊരു സ്ഥലത്ത് രാഹുല്‍ മത്സരിക്കുന്നതെന്നും അമിത് ഷാ ചോദിക്കുന്നു.
കഴിഞ്ഞ ദിവസം നാഗ്പൂരില്‍ നിതിന്‍ ഗഡ്കരിയുടെ തെരഞ്ഞെടുപ്പ് സമ്മേളനത്തില്‍ സംസാരിക്കുമ്പോഴായിരുന്നു അമിത് ഷായുടെ വിവാദ പരാമര്‍ശം.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ നാമനിര്‍ദേശ പത്രിക നല്‍കാനെത്തിയപ്പോള്‍ നടത്തിയ റോഡ്‌ഷോയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരേക്കാളും സജീവമായി മുസ്‌ളീംലീഗ് പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുത്തിരുന്നു. മുസ്‌ളീംലീഗിന് നിര്‍ണ്ണായക സ്വാധീനമുള്ള മണ്ഡലമാണ് വയനാട്. ലീഗ് പ്രവര്‍ത്തകരുടെ പച്ചക്കൊടിയെ പരാമര്‍ശിച്ചാണ് അമിത്ഷായുടെ വിമര്‍ശനം. നേരത്തേ ബിജെപി വനിതാ നേതാവ് ലീഗിന്റെ പച്ചക്കൊടി പാക്കിസ്ഥാന്‍ പതാകയെന്ന് പറഞ്ഞ് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടിരുന്നു.ഇപ്പോള്‍ അമിത് ഷായും മുസ്ലിം ലീഗിന്റെ പച്ചക്കൊടിയെ പാകിസ്താന്‍ പതാകയുമായി താരതമ്യം ചെയ്യുകയാണ്.
ഇന്ത്യ പാകിസ്താനില്‍ വ്യോമാക്രമണം നടത്തിയപ്പോള്‍ രാജ്യം മുഴുവന്‍ സന്തോഷത്തിലായിരുന്നെങ്കിലും പാകിസ്താനും കോണ്‍ഗ്രസും ദുഃഖത്തിലായി. കോണ്‍ഗ്രസിന്റെ സാം പിത്രോഡ പാകിസ്താനുവേണ്ടി വാദിക്കുന്നു. പുല്‍വാമയില്‍ ആക്രമണം നടത്തിയ ഭീകരരെ ന്യായീകരിക്കാനാവുമെന്ന് തോന്നുന്നുണ്ടോയെന്നും അമിത് ഷാ ചോദിച്ചു. വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിനും മുസ്ലീം ലീഗിനുമെതിരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും നേരത്തെ രംഗത്തെത്തിയിരുന്നു.