കല്‍പറ്റ: ഇന്ത്യ ഒന്നാണെന്ന സന്ദേശം നല്‍കാനാണ് വയനാട്ടില്‍ മല്‍സരിക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല ഗാന്ധി.സിപിഎമ്മും സിപിഐയും തനിക്കെതിരെ എന്തൊക്കെ ആക്രമണം നടത്തിയാലും അവര്‍ക്കെതിരെ ഒരു വാക്കു പോലും പറയില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.കല്‍പ്പറ്റയിലെ റോഡ്‌ഷോയ്ക്കുശേഷം മാധ്യമങ്ങളെക്കണ്ടപ്പോഴാണ് രാഹുല്‍ നിലപാട് വ്യക്തമാക്കിയത്.
ഇവിടെ തെക്കേയിന്ത്യയും വടക്കേയിന്ത്യയും പടിഞ്ഞാറെ ഇന്ത്യയൊന്നുമില്ല ഒരൊറ്റ ഇന്ത്യ മാത്രമേയുള്ളൂ ആ സന്ദേശമാണ് താന്‍ മുന്നോട്ട് വയ്ക്കുന്നത്. തങ്ങള്‍ അവഗണിക്കപ്പെട്ടു എന്ന വികാരം കര്‍ണാടകയിലേയും തമിഴ്‌നാട്ടിലേയും കേരളത്തിലേയും ജനങ്ങള്‍ക്കുണ്ട്. ആര്‍എസ്എസും മോദിയും മുന്നോട്ട് വയക്കുന്നത് വിഭജനരാഷ്ട്രീയമാണ്. സാംസ്‌കാരികമായും ഭാഷപരമായും ദക്ഷിണേന്ത്യയെ അവഗണിക്കുക എന്നതാണ് സംഘപരിവാറിന്റെ ലക്ഷ്യം. തൊഴിലില്ലായ്മയും കാര്‍ഷിക പ്രതിസന്ധിയുമാണ് ഇന്ന് രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍. ഇവ രണ്ടും പരിഹരിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പരാജയമാണ്. ഈ പ്രതിസന്ധിക്കിടെ 35,000 കോടി രൂപയാണ് റഫാല്‍ കരാറിന്റെ ഭാഗമായി നരേന്ദ്രമോദി അനില്‍ അംബാനിക്ക് നല്‍കി. അതൊക്കെയാണ് ഇവിടെ ചര്‍ച്ച ചെയ്യേണ്ടത്.