കല്പറ്റ:വയനാട്ടില്‍ ഇന്നലെ മാവോയിസ്റ്റുകള്‍ ബന്ദികളാക്കിയ അന്യസംസ്ഥാനത്തൊഴിലാളികള്‍ രക്ഷപ്പെട്ടു.രാത്രി പത്തുമണിയോടെ ഒരാളും അര്‍ധരാത്രിക്കുശേഷം മറ്റൊരു തൊഴിലാളിയും രക്ഷപ്പെടുകയായിരുന്നു.ഒരാള്‍ നേരത്തേ ഓടി രക്ഷപ്പെട്ടിരുന്നു.ഇയാളാണ് എസ്റ്റേറ്റ് അധികൃതരെ വിവരം അറിയിച്ചത്.
ഇന്നലെ രാത്രി കള്ളാടി തൊള്ളായിരം എമറാള്‍ഡ് എസ്റ്റേറ്റിലെ അന്യസംസ്ഥാനത്താഴിലാളികളെയാണ് മാവോയിസ്റ്റുകള്‍ തോക്കുചൂണ്ടി ബന്ദികളാക്കിയത്. മൂന്നുതൊഴിലാളികളില്‍ രണ്ടു പേരെയാണ് ബന്ദികളാക്കിയത്.മൂന്നു പുരുഷന്മാരും സ്ത്രീയും അടങ്ങുന്ന സംഘമാണ് ഇവരെ തടഞ്ഞുവെച്ചതെന്ന് രക്ഷപ്പെട്ട മക്ബൂല്‍, കാത്തിം എന്നീ തൊഴിലാളികള്‍ പറഞ്ഞു.മാവോയിസ്റ്റുകള്‍ പണം ആവശ്യപ്പെട്ടെന്നാണ് എസ്റ്റേറ്റ് അധികൃതരെ വിളിച്ച് തൊഴിലാളികള്‍ അറിയിച്ചത്.
രാത്രിയോടെ തണ്ടര്‍ബോള്‍ട്ട് ഉള്‍പ്പെടെയുള്ള പോലീസ് സംഘം സ്ഥലത്തെത്തി.എന്നാല്‍ രാത്രിയില്‍ വനത്തില്‍ തിരച്ചില്‍ നടത്തിയില്ല.കാര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.