തിരുവനന്തപുരം:വനിതാ മതിലിനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വര്‍ഗീയ ജനങ്ങളെ ഭിന്നിപ്പിക്കാനേ സഹായിക്കൂവെന്നും സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായ സ്ത്രീകളില്‍നിന്നും പണം പിരിക്കുന്നത് സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.ഫേസ്ബുക്കിലൂടെയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.
സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം പൂര്‍ണ്ണമായും ശ്രദ്ധിക്കുന്നത് വനിതാ മതില്‍ വിജയിപ്പിക്കാനാണെന്നും ഇതിന്റെ പത്ത് ശതമാനം താല്പര്യം കാണിച്ചിരുന്നെങ്കില്‍ പ്രളയം ബാധിച്ച ജനങ്ങളുടെ എല്ലാ പ്രയാസങ്ങളും ഇതിനോടകം പരിഹരിക്കാന്‍ കഴിയുമായിരുന്നുവെും ഉമ്മന്‍ ചാണ്ടി പറഞ്ഞു.സര്‍ക്കാര്‍ പണം മതിലിനായി ചെലവഴിക്കുമെന്നും, ഇല്ലെന്നും തിരിച്ചും മറിച്ചും പറയുന്ന സര്‍ക്കാര്‍ ഇപ്പോള്‍ മതില്‍ വിജയിപ്പിക്കാനായി നഗ്‌നമായ അധികാര ദുര്‍വിനിയോഗമാണ് നടത്തുന്നത്.ആശ വര്‍ക്കേഴ്‌സ്,കുടുംബശ്രീ,അംഗനവാടി പ്രവര്‍ത്തകര്‍,അയല്‍ക്കൂട്ടം, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങി പാവപ്പെട്ട സ്ത്രീകളില്‍നിന്നും സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവരില്‍ നിന്നും നിര്‍ബന്ധമായി പ്രാദേശിക പാര്‍ട്ടി നേതാക്കള്‍ പണം പിരിക്കുന്നതായി വ്യാപകമായ വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്.
സര്‍ക്കാര്‍ ഫണ്ട് വിനിയോഗിക്കുന്നതിനെക്കാള്‍ ഗുരുതരമായ തെറ്റാണ് പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയില്‍ നിന്നും കയ്യിട്ടുവാരി മതില്‍ കെട്ടിപ്പടുക്കുന്നത്. ഇതിനോടകം മതിലിന്റെ പേരില്‍ അനാവശ്യമായ ചേരിതിരിവും സംഘര്‍ഷങ്ങളും സമൂഹത്തില്‍ ഉണ്ടായിക്കഴിഞ്ഞു.ഈ വര്‍ഗ്ഗീയ മതില്‍ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ മാത്രമേ സഹായിക്കുകയുള്ളൂവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.