ഓൺലൈൻ വാർത്താമാധ്യമത്തിനെതിരെ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ മകൻ ജയ് ഷാ നൽകിയ ക്രിമിനൽ അപകീർത്തിക്കേസ് പരിഗണിക്കുന്നതു മെട്രോപ്പൊലിറ്റൻ മജിസ്ട്രേട്ട് കോടതി 16 ലേക്കു മാറ്റി. ഷായുടെ അഭിഭാഷകൻ എസ്.വി. രാജുവിനു ജോലിത്തിരക്കു കാരണം ഹാജരാകാൻ സാധിച്ചില്ലെന്നും കൂടുതൽ സമയം അനുവദിക്കണമെന്നുമുള്ള അഭ്യർഥന പരിഗണിച്ച് അഡീഷനൽ ചീഫ് മെട്രോപ്പൊലിറ്റൻ മജിസ്ട്രേട്ട് എസ്.കെ. ഗധ്‌വി കേസ് മാറ്റിവയ്ക്കുകയായിരുന്നു.
‘ദ് വയർ’ വെബ്സൈറ്റിനെതിരെ നൂറു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു സിവിൽ അപകീർത്തിക്കേസ് നൽകുമെന്നാണു പറഞ്ഞിരുന്നതെങ്കിലും അതിനിയും ഫയൽ ചെയ്തിട്ടില്ല. ക്രിമിനൽ ഗൂഢാലോചന നടത്തി രേഖാമൂലമായ അപവാദപ്രചാരണമാണു നടന്നതെന്നതു കാട്ടിയാണു കഴിഞ്ഞ ഒൻപതിനു ടെമ്പിൾ എന്റർപ്രൈസ് കമ്പനി ഉടമ ജയ്ഷാ വാർത്താ പോർട്ടലിനെതിരെ ഹർജി നൽകിയത്. ഇതെത്തുടർന്നാണു, കേസെടുക്കുന്നതിനു മതിയായ സാഹചര്യമുണ്ടോ എന്നറിയാൻ ക്രിമിനൽ നടപടിച്ചട്ടം 202 പ്രകാരം അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.