ന്യൂഡല്‍ഹി; വിജയ് മല്യ ചെയര്‍മാനായ യുണൈറ്റഡ് ബ്രൂവറീസ് ഹോള്‍ഡിങ് ലിമിറ്റഡിന്റെ (യുബിഎച്ച്എല്‍) എല്ലാ ബാങ്ക് അക്കൗണ്ടുകളും ഓഹരി, മ്യൂച്ച്വല്‍ ഫണ്ട് നിക്ഷേപങ്ങളും പിടിച്ചെടുക്കാന്‍ ഓഹരി-ധനകാര്യ വിപണി നിയന്ത്രണ ഏജന്‍സിയായ സെബി നിര്‍ദ്ദേശം.

പിടിച്ചെടുത്ത് കമ്പനി കുടിശിക വരുത്തിയിട്ടുള്ള പിഴത്തുകയായ 18.5 ലക്ഷം രൂപാ ഈടാക്കാനാണ് പറയുന്നു. 2015ല്‍ സെബി ചുമത്തിയ 15 ലക്ഷം രൂപയുടെ പിഴയൊടുക്കുന്നതില്‍ യുബിഎച്ച്എല്‍ കമ്പനി വീഴ്ച വരുത്തിയ സാഹചര്യത്തിലാണ് പലിശയുള്‍പ്പെടെ പിഴയീടാക്കാനുള്ള നീക്കം.

യുണൈറ്റഡ് സ്പിരിറ്റ്‌സുമായി ബന്ധപ്പെട്ടുള്ള ചില ഓഹരി ഇടപാടുകള്‍ വെളിപ്പെടുത്താതിരുന്ന സാഹചര്യത്തില്‍ 15 ലക്ഷം രൂപ പിഴയും രണ്ടു വര്‍ഷത്തെ പലിശയായി 3.5 രൂപയും റിക്കവറി ചാര്‍ജ് എന്ന നിലയില്‍ 1000 രൂപയും പിടിച്ചെടുക്കാനാണ് സെബിയുടെ ശ്രമം.

ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ യുബിഎച്ച്എല്ലിന്റെ അക്കൗണ്ടുകളില്‍നിന്ന് പണം പിന്‍വലിക്കുന്നത് തടയാനും ബാങ്കുകള്‍ക്കും മ്യൂച്ച്വല്‍ ഫണ്ട് സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.