കൊച്ചി: കേസിലെ പ്രതിസ്ഥാനത്ത് നിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വിടുതൽ ഹർജി നൽകിയ ദിലിപിന്റെ ആവശ്യം കോടതി തള്ളി. ഇനി അപ്പീൽ സാധ്യതകൾ മുന്നിലുണ്ട്.യുവനടിയെ ലൈംഗികമായി പിഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്താൻ ദിലീപ് കേസിലെ മറ്റൊരു പ്രതിയായ പൾസർ സുനിക്ക് കൊട്ടേഷൻ നൽകി എന്നതാണ് പ്രോസിക്യൂഷന്റെ കേസ്. നടി പരാതിപ്പെടും എന്ന് പ്രതികൾ ഒരിക്കലും കരുതിയില്ല. കാലാകാലം ആ ദൃശ്യങ്ങൾ വച്ച് അവരെ ബ്ലാക്ക്മെയിൽ ചെയ്യാമെന്ന് ഉള്ള കണക്കുകൂട്ടലാണ് നടി പരാതിയുമായി രംഗത്തുവന്നതോടെ പൊളിഞ്ഞത്. പദ്ധതികൾ പൊളിഞ്ഞു എന്നു മാത്രമല്ല പ്രതികൾ പൂർണ്ണമായി പെട്ടു.കേസിന്റെ വിചാരണ വൈകിപ്പിക്കുന്നതിന്റെ ഭാഗമായി നടൻ ദിലീപ് തുടക്കം മുതൽ നീക്കം നടത്തിയിരുന്നു.നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ കേസിലെ തെളിവാണെന്നും അത് ലഭിക്കാൻ പ്രതിയായ തനിക്ക് അവകാശമുണ്ടെന്നു വാദിച്ച് ദിലീപ് സുപ്രീം കോടതി വരെ പോയി.ദൃശ്യങ്ങൾ നൽകുന്നത് നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്നതിനാൽ ദൃശ്യങ്ങളുടെ പകർപ്പ് നൽകിയില്ല എന്നാൽ ദൃശ്യങ്ങൾ കാണാനും സാങ്കേതിക വിദഗ്ധനെ കൊണ്ട് പരിശോധിപ്പിക്കാനും ദിലീപിനെ അനുവദിച്ചു. ഇപ്പോൾ വിടുതൽ ഹർജി നൽകിയ ദിലീപ് കേസിന്റെ വിചാരണ നീട്ടാൻ മാത്രമാണ് ഉദ്ദേശിച്ചിരുന്നത് എന്ന് വ്യക്തമാണ്.