മിർസാപൂർ:യോഗി ആദിത്യ നാഥിന്റെ യുപി യിലെ മിർസാപുരിലെ ഒരു സ്കൂളിൽ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണത്തിന് ചപ്പാത്തിക്കൊപ്പം ഉപ്പ് മാത്രം കൊടുക്കുന്ന കൊള്ളരുതായ്മ ലോകത്തെ അറിയിച്ച “ജൻ സന്ദേശ്‌” എന്ന ഹിന്ദി പ്രസിദ്ധീകരണത്തിൽ ജോലി ചെയ്യുന്ന  പവൻ ജെയ്സ്വാൾ എന്ന പത്രപ്രവർത്തകനോട് ജില്ലാ മജിസ്ട്രേറ്റ് അനുരാഗ് താക്കൂർ ചോദിച്ച ചോദ്യം കേൾക്കുമ്പോഴാണ് നമ്മുടെ പുതിയ മോഡിഫൈഡ് ഇന്ത്യയുടെ നീതി ന്യായ വ്യവസ്ഥയുടെ അപചയം മനസ്സിലാകൂ.

“നിങ്ങൾ പത്രത്തിന് വേണ്ടി ജോലിചെയ്യുന്ന റിപ്പോർട്ടറല്ലേ ? അപ്പോൾ പിന്നെ നിങ്ങൾ എന്തിനാണ് സ്കൂളിൽ ഉച്ചഭക്ഷണം വിളമ്പുന്നത് വീഡിയോയിൽ പകർത്തിയത് ? പത്രത്തിൽ കൊടുക്കാനാണെങ്കിൽ ഫോട്ടോ മാത്രം എടുത്താൽ പോരേ?”

അതായത് കുട്ടികൾക്ക് ഉണക്ക ചപ്പാത്തിക്കൊപ്പം ഉപ്പ് മാത്രം കൊടുക്കുന്ന ശുദ്ധ തെമ്മാടിത്തരം അല്ല പ്രശ്നം, മറിച്ചു  അതിന്റെ വീഡിയോ എടുത്തു ആ വാർത്ത ലോകത്തെ അറിയിച്ചതാണ്  പ്രശ്നം. ഇത് ഭരണകൂടത്തെ അപകീർത്തിപ്പെടുത്താനുള്ള ഗൂഡാലോചനയാണെന്നതിന്റെ തെളിവാണെന്നാണ് മജിസ്ട്രേറ്റിന്റെ അനുമാനം. 

ഒരു തരത്തിലുള്ള വളച്ചുകെട്ടുമില്ലാതെ പവൻ എടുത്ത വീഡിയോ മിർസാപുരിലെ സ്കൂൾ കുട്ടികൾ നേരിടുന്ന വിവേചനത്തിന്റെയും അതിക്രമത്തിന്റെയും നേർസാക്ഷ്യമാണ്. പാവപെട്ട കുട്ടികൾക്ക് ലഭിക്കേണ്ട ഭക്ഷണത്തിൽ പോലും തട്ടിപ്പ് നടത്തുന്നവരെ സമൂഹമദ്ധ്യത്തിൽ തുറന്നു കാട്ടുന്ന ഈ വീഡിയോ ഏത് തലത്തിലും ശക്തമായ പത്ര പ്രവർത്തനമാണ്. ഭക്ഷണത്തിൽ തട്ടിപ്പ് നടത്തുക എന്നത് തന്നെ ഒരു ക്രിമനൽ കുറ്റമാണ്. പാവപ്പെട്ട സ്കൂൾ വിദ്യാർത്ഥികളാണ് ഈ അതിക്രമത്തിന്റെ ഇരകളെന്നത് കുറ്റത്തിന്റെ കാഠിന്യം വർദ്ധിപ്പിക്കുന്നു. പക്ഷേ, കുറ്റവാളികളല്ല കുറ്റകൃത്യം റിപ്പോർട്ട് ചെയ്ത പത്രപ്രവർത്തകനാണ് ഇപ്പോൾ പ്രതിക്കൂട്ടിൽ.

സ്വതന്ത്ര പരമാധികാര ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയിൽ തന്നെയല്ലേ ഈ മിർസാപുർ? ലോകത്തിലെ ഏറ്റവും വലിയ  ജനാധിപത്യ വ്യവസ്ഥിതിയുടെ കടയ്ക്കൽ കത്തിവെയ്ക്കുന്ന ഒരു വൈരുദ്ധ്യമാണ് മിർസാപുരിലെ മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് കഴിഞ്ഞ ദിവസം ഉയർന്ന ചോദ്യം.

(ഡോ.ഷാനവാസ് എ ആറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.)