വയനാട്:ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തിയ സമരത്തെ പിന്തുണച്ചതിനെ തുടര്‍ന്ന് വിലക്ക് നേരിട്ട സിസ്റ്റര്‍ ലൂസിക്ക് എതിരെയുള്ള നടപടികള്‍ കാരയ്ക്കാമല ഇടവക പിന്‍വലിച്ചു.വിശ്വാസികളായ നാട്ടുകാരുടെ കടുത്ത പ്രതിഷേധത്തെത്തുടര്‍ന്നാണ് തീരുമാനം.
വൈകിട്ട് അഞ്ചുമണിയോടുകൂടി വിശ്വാസികള്‍ കൂട്ടമായെത്തി പ്രതിഷേധിക്കുകയായിരുന്നു.സിസ്റ്ററിന് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് പൂര്‍ണ്ണമായും മാറ്റണമെന്നും ഇടവക വികാരിയോട് വിശ്വാസികള്‍ ആവശ്യപ്പെട്ടു.
വേദപാഠം,വിശുദ്ധ കുര്‍ബാന നല്‍കല്‍,ഇടവക പ്രവര്‍ത്തനം എന്നിവയില്‍ പങ്കെടുക്കുന്നതില്‍ നിന്നായിരുന്നു സിസ്റ്റര്‍ ലൂസിയെ വിലക്കിയത്.സന്യാസസമൂഹത്തിന് ചേരാത്ത നിലപാടുകളാണ് സിസ്റ്റര്‍ ലൂസിയുടേതെന്നായിരുന്നു ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ സംഭവത്തെ തുടര്‍ന്ന് പറഞ്ഞത്. ഇവര്‍ അച്ചടക്ക നടപടികള്‍ നേരിട്ട് വരികയാണെന്നും 2003 ല്‍ തന്നെ സിസ്റ്ററിന് രേഖാമൂലം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നുമായിരുന്നു കോണ്‍ഗ്രിഗേഷന്‍ പ്രതിനിധികള്‍ പറഞ്ഞത്.സിസ്റ്റര്‍ക്കെതിരായി നടപടിയെടുത്തത് വിശ്വാസികളുടെ പിന്‍തുണയോടെയാണെന്നും നേതൃത്വം പറഞ്ഞിരുന്നു.
അതേസമയം തന്റെ സന്യാസ ജീവിതത്തിലെ ഏറ്റവും അഭിമാനം നിറഞ്ഞ മുഹൂര്‍ത്തമാണിതെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ മാധ്യമങ്ങളോട് പറഞ്ഞു.വിശ്വാസികള്‍ തനിക്കൊപ്പമുണ്ടെന്നും സഭയിലെ കൊള്ളരുതായ്മക്കെതിരെ ഇനിയും പോരാടുമെന്നും സിസ്റ്റര്‍ വ്യക്തമാക്കി