പന്തളം:വിശ്വാസികള്‍ ഒരുമിച്ച് നിന്നാല്‍ ശബരിമലയില്‍ ഒരു പൊലീസും പട്ടാളവും കാലുകുത്തില്ലെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞു. കോടതി വിധി നടപ്പാക്കാനുള്ള വ്യഗ്രതയില്‍ വ്യഗ്രതയില്‍ വനിതാ പൊലീസിനെ നിയമിക്കാനൊരുങ്ങുകയാണ് സര്‍ക്കാരെന്നും ശബരിമലയെ ടൂറിസ്റ്റ് കേന്ദ്രമാക്കാന്‍ അനുവദിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു.വിശ്വാസികളുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പന്തളം കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സുധാകരന്‍.
വിധി വന്ന ശേഷം അതിനെതിരെ സംസാരിക്കാന്‍ തനിക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ല.കാരണം കോണ്‍ഗ്രസ് ഈ രാജ്യത്തിന് നല്‍കിയിരിക്കുന്ന ഭരണഘടന മനസ്സിലുള്ളതുകൊണ്ടാണ്.ഒപ്പം 2016-ല്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ ആചാരങ്ങള്‍ നിലനില്‍ക്കണമെന്ന സത്യവാങ്മൂലം നല്‍കിയിട്ടുണ്ടെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
ക്ഷേത്രങ്ങളിലെ ആചാരാനുഷ്ടാനങ്ങളിലെ അന്തിമവിധി നടപ്പാക്കേണ്ടത് കോടതികളും സര്‍ക്കാരുമല്ല.തന്ത്രിമാരാണ്.അതിനെ ധ്വംസിക്കാന്‍ ഒരു കോടതിക്കും സര്‍ക്കാരിനും അവകാശമില്ലെന്നും സുധാകരന്‍ പറഞ്ഞു.
സ്ത്രീകള്‍ക്ക് തുല്യത വേണമെന്ന് പറഞ്ഞ് ഇടതുപക്ഷ സര്‍ക്കാര്‍ പിടിച്ചു വാങ്ങിയതാണ് ഇപ്പോഴത്തെ കോടതി വിധി. ഇപ്പോള്‍ ഇവിടെ ജാഥ നടത്തുന്ന ശ്രീധരന്‍ പിള്ളയും ബി.ജെ.പിയും ആദ്യം ഡല്‍ഹിയില്‍ പോയി മോദിയെ കണ്ട് ഭരണഘടന ഭേദഗതി വരുത്താന്‍ ആവശ്യപ്പെടണം. ബി.ജെ.പി ഇപ്പോള്‍ നടത്തുന്നത് കാപട്യമാണെന്നും സുധാകരന്‍ പറഞ്ഞു.