തിരുവനന്തപുരം:ആദിവാസി കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കാമെന്നു പറഞ്ഞു പറ്റിച്ചെന്ന ആരോപണത്തില്‍ പ്രതികരണവുമായി മഞ്ജു വാര്യര്‍. താന്‍ ആരേയും വഞ്ചിച്ചിട്ടില്ലെന്നും ആദിവാസികളെ ആരോ തെറ്റിദ്ധരിപ്പിച്ചതാകാമെന്നുമാണ് മഞ്ജു പറയുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു സര്‍വേ നടത്തിയിരുന്നു.ഒറ്റയ്ക്ക് ഒരാള്‍ക്ക് ചെയ്തു തീര്‍ക്കാവുന്ന ദൗത്യമല്ല അതെന്ന് സര്‍വേയില്‍ ബോധ്യപ്പെട്ടു.ഇക്കാര്യം അന്നേ സര്‍ക്കാരിനെ അറിയിച്ചിരുന്നെന്നും ആദിവാസികളുടെ പ്രശ്‌നം മന്ത്രി എ കെ ബാലനുമായി ചര്‍ച്ചചെയ്തതായും മഞ്ജു വാര്യര്‍ അറിയിച്ചു.
വീട് നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞ് മഞ്ജു വാര്യര്‍ വഞ്ചിച്ചതായി വയനാട് പനമരത്തെ ആദിവാസി കുടുംബങ്ങള്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.വാക്കു പാലിക്കാത്തതില്‍ പ്രതിഷേധിച്ച് മഞ്ജു വാര്യരുടെ തൃശൂരിലെ വീടിനു മുന്നില്‍ കുടില്‍ കെട്ടി സമരം നടത്തുമെന്നും ആദിവാസികള്‍ പറഞ്ഞിരുന്നു.57 കുടുംബങ്ങള്‍ക്ക് മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ വീടുനിര്‍മ്മിച്ചുനല്‍കുമെന്ന് വാഗ്ദാനം ചെയ്തു.ഒന്നര വര്‍ഷമായിട്ടും വാക്കുപാലിച്ചില്ല.മഞ്ജു വാര്യരുടെ വാഗ്ദാനമുള്ളതിനാല്‍ ഭവനനിര്‍മ്മാണത്തിനുള്ള സര്‍ക്കാരിന്റെ സഹായങ്ങള്‍ ലഭിക്കാതായെന്നും ആദിവാസികള്‍ ആരോപിച്ചിരുന്നു.എന്നാല്‍ ഈ ആരോപണവും തെറ്റാണെന്ന് മഞ്ജു പറഞ്ഞു.