തമിഴ് സംവിധായകരില്‍ ശ്രദ്ധേയനായ വെട്രിമാരനും സൂര്യയും ഒന്നിക്കുന്നു. ധനുഷും മഞ്ജുവാര്യരും പ്രധാനവേഷങ്ങളിലെത്തിയ അസുരന് ശേഷമുള്ള ഇദ്ദേഹത്തിന്റെ അടുത്ത ചിത്രത്തെക്കുറിച്ച് ഗോസിപ്പുകള്‍ വന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് ഈ പ്രഖ്യാപനം. അസുരന്‍ മികച്ച പ്രേക്ഷകാഭിപ്രായം നേടിയ സിനിമയായിരുന്നു. സൂര്യയും ഒരു മികച്ച ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്. അദ്ദേഹത്തിന്റേതായി ഈയടുത്തതായി ഇറങ്ങിയ സിനിമകളൊക്കെ ആവറേജ് കാറ്റഗറിയില്‍പ്പെടുന്നവയായിരുന്നു.  കലൈപുലി എസ് തനു ആണ് സൂര്യ – വെട്രിമാരന്‍ ചിത്രം നിര്‍മ്മിക്കുന്നത്. അസുരന്റെ വമ്പിച്ച വിജയത്തിനു ശേഷം സംവിധായകന്‍ വെട്രിമാരന്‍ നടന്‍ സൂര്യയുമായി ആദ്യമായി കൈക്കോര്‍ക്കുകയാണ്. ചിത്രം നിര്‍മ്മിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ചിത്രത്തിന്റെ മറ്റു വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. സിനിമാലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വെട്രിമാരന്‍ നിരൂപകശ്രദ്ധയും, പ്രേക്ഷകശ്രദ്ധയും ഒരു പോലെ പിടിച്ചുപറ്റിയ ചുരുക്കം ചിലരിലൊരാളാണ്. അതുകൊണ്ട് തന്നെ ഈ കൂട്ടുകെട്ടിലിറങ്ങുന്ന ചിത്രം സൂര്യയുടെ സിനിമാ കരിയറിലെ തന്നെ മികച്ചതായിരിക്കുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്. ചിത്രം അടുത്ത വര്‍ഷം തീയറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.