ന്യൂഡല്‍ഹി:ഇന്ത്യയിലെ വോട്ടിങ് മെഷീനുകളില്‍ തിരിമറി നടന്നിട്ടുണ്ടെന്ന യുഎസ് ഹാക്കറുടെ വെളിപ്പെടുത്തലില്‍ ഡല്‍ഹി പോലീസിന് പരാതി നല്കി തെരഞ്ഞെടുപ്പ് കമ്മീഷന്. ഇന്നലെ പരിപാടിയില്‍ വച്ച് ഹാക്കര്‍ സയ്യിദ് ഷൂജ സംസാരിച്ചത് മൊഴിയായി രേഖപ്പെടുത്തണമെന്നും,ഇ വി എമ്മുകള്‍ ഹാക്ക് ചെയ്തെന്ന വെളിപ്പെടുത്തലിനെ കുറിച്ചും ഹാക്കറെക്കുറിച്ചും കൂടുതല്‍ അന്വേഷണം വേണമെന്നുമാണ് ആവശ്യം.
ഇന്നലെ ലണ്ടനില്‍ വച്ച് ഇന്ത്യന്‍ ജേണലിസ്റ്റ്സ് അസോസിയേഷന് നടത്തിയ പരിപാടിയിലാണ് ഹാക്കര്‍ 2014 ലോക്സഭാ തിരഞ്ഞെടുപ്പിലും ചില നിയമസഭാ തിരഞ്ഞെടുപ്പുകളിലും തിരിമറി നടന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തിയത്. ഹാക്കിങ്ങിനെ കുറിച്ച് അറിവുണ്ടായിരുന്നതിനാലാണ് ബി ജെ പി നേതാവ് ഗോപിനാഥ് മുണ്ടെയെ കൊലപ്പെടുത്തിയതെന്ന വെളിപ്പെടുത്തല്‍ രാഷ്ട്രീയവൃത്തങ്ങളില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.
അതേസമയം,മുണ്ടെയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തി. 2014 ജൂണ്‍ 3 ന് ഡല്‍ഹിയില്‍ വച്ചുണ്ടായ വാഹനാപകടത്തിലാണ് മുണ്ടെ കൊല്ലപ്പെടുന്നത്. മുണ്ടെ സഞ്ചരിച്ചിരുന്നു അംബാസിഡര്‍ കാറില്‍ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു. ഹാക്കറുടെ വെളിപ്പെടുത്തലോടെ അപകടം ആസൂത്രിതമാണോയെന്ന സംശയത്തിലാണ് കുടുംബം അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിച്ചത്.
എന്നാല്‍ ഹാക്കറിന്റെ വെളിപ്പെടുത്തലുകളെ തള്ളിയ ബിജെപി
ലണ്ടനില്‍ നടന്ന് കോണ്‍ഫറന്‍സ് ‘കോണ്‍ഗ്രസ് സ്പോണ്‍സേഡ്’ പരിപാടിയായിരുന്നെന്ന ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന് ഈ ആരോപണത്തില്‍ പങ്കുണ്ട്. അതല്ലെങ്കില്‍ കോണ്‍ഗ്രസ് നേതാവായ കപില്‍ സിബല്‍ ആ പരിപാടിയ്ക്ക് എന്തിന് പോയെന്നും കേന്ദ്രനിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ചോദിച്ചു.
എന്നാല്‍ തനിക്ക് കിട്ടിയ ക്ഷണപ്രകാരമാണ് ലണ്ടനില്‍ പോയതെന്ന് കപില്‍ സിബല്‍ പറഞ്ഞു. ബിജെപിയുള്‍പ്പടെ എല്ലാ പാര്‍ട്ടികളെയും ക്ഷണിച്ചിരുന്നതാണെന്നും ആരും വരാതിരുന്നത് തന്റെ പ്രശ്നമാകുന്നതെങ്ങനെയെന്നും ആരോപണത്തിന് മറുപടിയായി കപില്‍ സിബല്‍ പ്രതികരിച്ചു.