നിവിന്‍പോളി എന്ന നടന്റെ മലയാള സിനിമയിലെ  നിലനില്പ് തന്നെ തീരുമാനിക്കുന്ന ചിത്രമാണ് മൂത്തോന്‍. കോമ്ഴ്സ്യൽ ചേരുവകൾ കാണാന്‍ വേണ്ടി മാത്രം തീയറ്ററിലേക്ക് എത്തുന്ന പ്രേക്ഷകര്‍ക്കുള്ള സിനിമയല്ല “മൂത്തോന്‍”. നിവിൻ പോളി ഇതുവരെ ചെയ്ത സിനിമകളില്‍ നിന്നൊക്കെ വളരെ വ്യത്യസ്തമാണ് ഈ ചിത്രം.  അതുപോലെ തന്നെ മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത ഒരു പ്രമേയത്തിലൂടെയാണ് ഗീതുവും അനുരാഗ് കശ്യപും ചേര്‍ന്നൊരുക്കിയ തിരക്കഥ സഞ്ചരിക്കുന്നത്. ലക്ഷദ്വീപിലാണ് മൂത്തോന്‍ കഥ പറഞ്ഞു തുടങ്ങുന്നത്. മുല്ല എന്ന കുട്ടി തന്റെ സഹോദരനെ തേടി മൂംബൈ നഗരത്തിലേക്ക് വരികയും തുടര്‍ന്നു നടക്കുന്ന സംഭവങ്ങളുമാണ് മൂത്തോന്റെ കഥ. മുല്ലയായി സഞ്ജന ദിപുവും അക്ബറായി നിവിന്‍പോളിയും തങ്ങളുടെ കഥാപാത്രങ്ങളെ കഴിയുന്ന പോലെ മികവുറ്റതാക്കി. സ്‌ക്രീന്‍ പ്രസന്‍സ് കൊണ്ടും പ്രകടന മികവുകൊണ്ടും മൂത്തോനിലെ ചെറുതും വലുതുമായ ഓരോ അഭിനേതാക്കളും കൈയടി നേടുന്നുണ്ട്. മലയാളം സിനിമ എന്നാണ് ലേബല്‍ എങ്കിലും ദ്വീപ് ഭാഷയായ ജസ്‌റിയിലും ഹിന്ദിയിലും ആണ് സംഭാഷണങ്ങള്‍ മുഴുവന്‍. ചിത്രത്തിന്റെ ഹിന്ദി ഡയലോഗുകള്‍ എഴുതിയിരിക്കുന്നത് ഈ സിനിമയുടെ പ്രൊഡ്യൂസര്‍ കൂടിയായ അനുരാഗ് കശ്യപ് ആണ്. മൂത്തോന്റെ സ്‌ക്രിപ്റ്റ് അതിഗംഭീരമാണെന്ന് പറയാന്‍ സാധിക്കില്ലെങ്കിലും അഭിനേതാക്കളുടെ പ്രകടനം അത് ഫില്‍ ചെയ്യുന്നുണ്ട്. ചിലയിടങ്ങളില്‍ മുഷിപ്പ് ഉളവാക്കുന്നുവെന്നതും ചിത്രത്തിന്റെ പോരായ്മയായി കണക്കാക്കാം. ആദ്യചിത്രമായ ലൈയേഴ്‌സ് ഡയസ് എന്ന ചിത്രത്തില്‍ നിന്നും ഒരു സംവിധായികയായി ഗീതു മോഹന്‍ദാസ് ഒരു പടി മുൻപോട്ട് പേയി എന്ന് പറയാം. രാജീവ് രവിയുടെ ഛായാഗ്രഹണവും ചിത്രത്തെ മികവുറ്റതാക്കുന്നു. ലക്ഷദ്വീപിന്റെ സൗന്ദര്യവും മുംബൈനഗരത്തിന്റെ ഇടുങ്ങിയ ചേരികളുമെല്ലാം അദ്ദേഹത്തിന്റെ ക്യാമറയില്‍ കൂടുതല്‍ ആസ്വാദ്യകരമാണ്. സാഗര്‍ ദേശായി ഒരുക്കിയ പശ്ചാത്തല സംഗീതം ചിത്രത്തിന്റെ മൂഡ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നു. മൊത്തത്തില്‍ വാണിജ്യസിനിമയുടെ ചട്ടക്കൂടില്‍ നിന്നുള്ള അവതരണമോ, വിഷയസ്വീകരണമോ അല്ല മൂത്തോന്‍.