ദില്ലി: ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് സുപ്രീംകോടതിയില്‍.കേസ് പരിഗണിക്കവേ സുപ്രീംകോടതി ഭരണഘടനാ ബഞ്ചിലാണ് ദേവസ്വം ബോര്‍ഡ് നിലപാട് വ്യക്തമാക്കിയത്.ശബരിമലയില്‍ പത്തിനും അന്‍പതിയും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കാത്തത് വിവേചനം കൊണ്ടല്ലെന്നും വിശ്വാസത്തിന്റെ ഭാഗമായിട്ടാണെന്നും ദേവസ്വം ബോര്‍ഡ് കോടതിയില്‍ വിശദീകരിച്ചു.സ്ത്രീകള്‍ക്ക് 41 ദിവസത്തെ വ്രതം നോല്‍ക്കാന്‍ സാധിക്കില്ലെന്നും ദേവസ്വം ബോര്‍ഡിനുവേണ്ടി ഹാജരായ മനു അഭിഷേക് സിങ്‌വി ചൂണ്ടിക്കാട്ടി.
എന്നാല്‍ സ്ത്രീകള്‍ക്ക് അസാധ്യമായ കാര്യങ്ങള്‍ വിലക്കായി വ്യവസ്ഥ ചെയ്യുന്നത് ശരിയായ നടപടിയാണോ എന്നായിരുന്നു സുപ്രീംകോടതിയുടെ ചോദ്യം. 50 വയസ്സുവരെയാണ് ആര്‍ത്തവ കാലം എന്നത് എങ്ങനെ പ്രായോഗികമാകുമെന്നും ഒരു സ്ത്രീക്ക് 45 വയസ്സില്‍ ആര്‍ത്തവകാലം കഴിഞ്ഞാല്‍ നിയന്ത്രണം തെറ്റാവില്ലേയെന്നും കോടതി ചോദിച്ചു.
എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളേയും ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്നും മറിച്ചാണെങ്കില്‍ അത് മൗലികാവകാശത്തിന്റെ ലംഘനമാണെന്നും കേരളത്തിന്റെ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ വാദിച്ചു.