നിലയ്ക്കല്‍:ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ 4 ദിവസത്തേക്കു കൂടി നീട്ടി ഉത്തരവിറക്കി.തിങ്കളാഴ്ച അര്‍ധരാത്രിവരെയാണ് നിരോധനാജ്ഞ തുടരുന്നത്.സന്നിധാനം,പമ്പ, നിലയ്ക്കല്‍,ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ പത്തനംതിട്ട ജില്ലാ കലക്ടര്‍ 144 പ്രഖ്യാപിച്ചു.
സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ജനുവരി 14 വരെ നിരോധനാജ്ഞ നീട്ടണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കലക്ടര്‍ക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എഡിഎമ്മിന്റെ റിപ്പോര്‍ട്ട് കൂടി പരിശോധിച്ചാണു കലക്ടര്‍ നാലു ദിവസത്തേക്ക് നിരോധനാജ്ഞ നീട്ടിക്കൊണ്ട് ഉത്തരവിറക്കിയത്.
ശബരിമലയില്‍ ഇപ്പോള്‍ സംഘര്‍ഷ സാധ്യത ഇല്ലെന്നും അതുകൊണ്ട് തന്നെ നിരോധനാജ്ഞ നിലനിര്‍ത്തേണ്ടെന്നും കാണിച്ച് റാന്നിയിലേയും കോന്നിയിലേയും തഹസില്‍ദാര്‍മാര്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.ഒരാഴ്ചമുമ്പ് പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് നിരോധനാജ്ഞ നീട്ടണമെന്നാവശ്യവുമായി പൊലീസ് കളക്ടറെ സമീപിച്ചത്.