കൊച്ചി:ശബരിമലയിലെ പൊലീസിന്റെ അതിരുവിട്ട ഇടപെടലുകളെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി.പൊലീസ് ഏര്‍പ്പെടുത്തിയ എല്ലാ വിലക്കുകളും റദ്ദാക്കിയ കോടതി ശബരിമലയില്‍ നിരീക്ഷണത്തിനായി മൂന്നംഗ ഉന്നതതല സമിതിയേയും നിയോഗിച്ചു.സന്നിധാനത്ത് നാമജപം പാടില്ലെന്ന ഉത്തരവും തടഞ്ഞു.എന്നാല്‍ സന്നിധാനത്ത് നിരോധനാജ്ഞ നിലനില്‍ക്കുമെന്നും ഇവിടെ പ്രതിഷേധങ്ങള്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി.ശബരിമലയിലെ പൊലീസ് നടപടികളുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
സ്ഥിതിഗതികള്‍ വിലയിരുത്തി കൃത്യമായി കോടതിയെ അറിയിക്കുന്നതിനാണ് മൂന്നംഗ ഉന്നതതല സമിതിയെ ചുമതലപ്പെടുത്തിയത്. തിരുവിതാംകൂര്‍,കൊച്ചി ദേവസ്വം ബോര്‍ഡ് ഓംബുഡ്‌സ്മാനായ ജസ്റ്റീസ് പി.ആര്‍ രാമന്‍, ശബരിമല ഉന്നതാധികാര സമിതി അധ്യക്ഷനായ ജസ്റ്റിസ് സിരിജഗന്‍,ഡിജിപി ഹേമചന്ദ്രന്‍ എന്നിവരാണ് സമിതി അംഗങ്ങള്‍.
സ്ത്രീകള്‍, കുട്ടികള്‍, അംഗപരിമിതര്‍ എന്നിവര്‍ക്ക് മാത്രം നടപ്പന്തലില്‍ വിരിവയ്ക്കാമെന്ന് കോടതി പറഞ്ഞു.ശബരിമലയില്‍ ഭക്തര്‍ക്ക് ആവശ്യത്തിന് ഭക്ഷണവും വെളളവും ടോയ്‌ലറ്റ് സംവിധാനങ്ങളും ഉറപ്പുവരുത്തണം.പമ്പയിലേക്ക് കെഎസ് ആര്‍ടിസി തുടര്‍ച്ചയായി സര്‍വീസ് നടത്തണം.സുപ്രീംകോടതി നിര്‍ദേശപ്രകാരം യുവതികള്‍ ദര്‍ശനത്തിന് വന്നാല്‍ അവര്‍ക്കായി എന്ത് ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കാനും സംസ്ഥാന സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.
ശബരിമലയില്‍ ഹൈക്കോടതി ജഡ്ജിയെപ്പോലും പൊലീസ് തടയുന്ന അവസ്ഥയുണ്ടായി. അപമാനിക്കപ്പെട്ട ജഡ്ജിയുടെ മഹാമനസ്‌കത കൊണ്ടാണ് ഈ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാതിരുന്നതെന്നും കോടതി പറഞ്ഞു. എന്നാല്‍ പൊലീസില്‍ വിശ്വാസമുണ്ടെന്നും ഹൈക്കോടതി പറഞ്ഞു.