തിരുവനന്തപുരം: ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് മുന്നൊരുക്കങ്ങളും ഏകോപനവും വിലയിരുത്താന്‍ വിളിച്ചുചേര്‍ത്ത ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടേയും യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. അന്താരാഷ്ട്രതലത്തില്‍ തീര്‍ഥാടകരെത്തുന്ന കേന്ദ്രമാണിത്. ദേശീയ തീര്‍ഥാടനകേന്ദ്രമെന്ന പദവി ലഭിക്കുന്നത് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ സഹായകമാകുമെന്ന് യോഗത്തില്‍ പൊതു അഭിപ്രായമുയര്‍ന്നതിനാലാണ് പ്രമേയമായി ഇക്കാര്യം ആവശ്യപ്പെടാന്‍ തീരുമാനമെടുത്തത്.
ശബരിമല തീര്‍ഥാടകരുടെ ഏകോപനത്തിനായി എല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാന തലസ്ഥാനങ്ങളിലും പ്രത്യേക കണ്ട്രോള് റൂം പ്രവര്‍ത്തിപ്പിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. തീര്‍ഥാടനം സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കാനും സംസ്ഥാനങ്ങളും വകുപ്പുകളുമായി ഏകോപിപ്പിക്കാന്‍ ഇതേറെ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. മലകയറുന്ന പാതയും സ്വാമി അയ്യപ്പന് റോഡും ഇത്തവണ വീതി കൂട്ടിയിട്ടുണ്ട്. തിരക്കൊഴിവാക്കാന്‍ പ്രസാദം കൗണ്ടറുകളുടെ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്. തീര്‍ഥാടകരുടെ സൗകര്യാര്‍ഥം ദര്‍ശനസമയവും വര്‍ധിപ്പിച്ചിട്ടുണ്ട്. പൊലീസ്, മറ്റു സേനകള്‍ തുടങ്ങിയവയുടെ വിന്യാസത്തിലൂടെ സുരക്ഷയ്ക്കുള്ള നടപടികള്‍ ഉറപ്പാക്കിയിട്ടുണ്ട്. ആരോഗ്യസേവന സൗകര്യങ്ങളും മെച്ചപ്പെടുത്തി. കാര്‍ഡിയാക് ചികിത്സകള്‍ക്ക് വിദഗ്ധരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. വിവിധ വകുപ്പുകളുടേയും ഏജന്‍സികളുടെയും ഏകോപനത്തിനും നടപടിയായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്യൂ കോംപ്ലക്സ് സജ്ജമാക്കാനും കാര്‍ഡിയോളജി സെന്ററും എല്ലാ സംവിധാനവുമുള്ള ആശുപത്രിയും സന്നിധാനത്ത് ഒരുക്കിയിട്ടുണ്ട്. ഡോക്ടര്‍മാരുടെ സേവനം പമ്പയിലും മല കയറുമ്പോഴും സന്നിധാനത്തും എല്ലാസമയത്തും ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
തമിഴ്നാട്ടില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന ശബരിമല ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ വര്‍ധിപ്പിക്കുമെന്ന് തമിഴ്നാട് ഉദ്യോഗസ്ഥഭരണ പരിഷ്കാര വകുപ്പ് മന്ത്രി ഡി. ജയകുമാര്‍ അറിയിച്ചു. തമിഴ്നാട്ടില്‍ നിന്നുള്ള ഹിന്ദു റിലീജ്യസ് ആന്റ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് വകുപ്പ് മന്ത്രി സെവ്വൂര്‍ എസ്. രാമചന്ദ്രനും ചടങ്ങില്‍ സംസാരിച്ചു. കേരളത്തിന്റെ നിര്‍ദേശങ്ങള്‍ തീര്‍ഥാടകരിെലത്താന്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ചെയ്യുമെന്ന് പുതുച്ചേരി സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി എം. കന്തസാമി അറിയിച്ചു. തുടര്‍ന്ന് തമിഴ്നാട്, തെലുങ്കാന, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന സെക്രട്ടറിമാര്‍ സംസ്ഥാനങ്ങളുടെ ആവശ്യങ്ങള്‍ വിശദമായി അവതരിപ്പിച്ചു. തങ്ങളുടെ സംസ്ഥാനങ്ങള്‍ക്ക് നല്കാനാവുന്ന സഹായങ്ങളും സഹകരണവും ഉണ്ടാകുമെന്നും അവര്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും തീര്‍ഥാടകര്‍ക്ക് സൗകര്യമൊരുക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന് കേരളവും അറിയിച്ചു. 59 രാജ്യങ്ങളില്‍നിന്നാണ് ശബരിമലയിലെ കേരള പോലീസിന്റെ വിര്‍ച്വല്‍ ക്യൂവിലേക്ക് രജിസ്ട്രേഷന് വരുന്നതെന്ന് ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു.