തിരുവനന്തപുരം:ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കുമെന്ന് പന്തളം രാജകുടുംബവും തന്ത്രി കുടുംബവും അറിയിച്ചു.നാളെ വൈകുന്നേരം മൂന്ന് മണിക്കാണ് സര്‍വകക്ഷി യോഗം.ശബരിമല സ്ത്രീപ്രവേശനവിധി സുപ്രീംകോടതി സ്റ്റേ ചെയ്യാത്തതിനാല്‍ നിലവിലെ സാഹചര്യങ്ങള്‍ തന്നെ തുടരുന്ന പശ്ചാത്തലത്തില്‍ സര്‍വ്വകക്ഷിയോഗം നിര്‍ണ്ണായകമാകും.
മണ്ഡലകാലത്ത് സമവായത്തിലൂടെ കാര്യങ്ങള്‍ പരിഹരിക്കാനാണ് സര്‍ക്കാര്‍ നീക്കമെങ്കിലും ശബരിമല സ്ത്രീപ്രവേശനത്തില്‍ എല്ലാവരും തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന സാഹചര്യമാണുള്ളത്. മുന്‍പ് സര്‍ക്കാര്‍ ക്ഷണിച്ച ചര്‍ച്ചകളില്‍ നിന്നും വിട്ടുനിന്നവരും ഇത്തവണ സര്‍വകക്ഷി യോഗത്തിന് എത്താമെന്ന് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ മണ്ഡലകാലത്ത് ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിക്കരുതെന്നാണ് പന്തളം രാജകുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്.
സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കുന്ന കാര്യം എന്‍.ഡി.എ യോഗത്തില്‍ ആലോചിച്ച ശേഷം തീരുമാനിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള പറഞ്ഞു.സര്‍വകക്ഷി യോഗത്തില്‍ ആരെയൊക്കെ പങ്കെടുപ്പിക്കണമെന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും.