ന്യൂഡല്‍ഹി:ശബരിമല സ്ത്രീപ്രവേശന വിധിയുമായി ബന്ധപ്പെട്ട പുന:പരിശോധനാ ഹര്‍ജികളില്‍ സുപ്രീംകോടതിയില്‍ വാദം പൂര്‍ത്തിയായി.കേസില്‍ വിധി പറയാന്‍ മാറ്റിവച്ചു.ഇന്ന് കോടതിയില്‍ വാദിക്കാന്‍ അവസരം കിട്ടാത്ത കക്ഷികളോട് ഏഴ് ദിവസത്തിനകം എഴുതി നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു.രാവിലെ 10 .30 ന് തുടങ്ങിയ വാദം കേള്‍ക്കല്‍ ഉച്ചയ്ക്ക് പിരിഞ്ഞശേഷം വീണ്ടും ആരംഭിച്ചു.
ഉച്ചയ്ക്കു ശേഷം വാദിച്ച ദേവസ്വം ബോര്‍ഡിന്റെ അഭിഭാഷകന്‍ യുവതീ പ്രവേശനത്തെ അനുകൂലിച്ചു.വിധി പുനഃപ്പരിശോധിക്കേണ്ടെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.ആര്‍ത്തവം ഇല്ലാതെ മനുഷ്യ കുലത്തിന് നില നില്‍പ്പില്ല.മതത്തില്‍ എല്ലാ വ്യക്തികളും തുല്യര്‍.ഇതാണ് യുവതി പ്രവേശനം അനുവദിച്ച വിധിയുടെ അടിസ്ഥാനമെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.എന്നാല്‍ യുവതീപ്രവേശനത്തില്‍ ബോര്‍ഡ് നിലപാട് മാറ്റിയല്ലോ എന്ന് ജസ്റ്റീസ് ഇന്ദു മല്‍ഹോത്ര ചോദിച്ചു.നിലപാട് മാറ്റിയെന്നും വേണമെങ്കില്‍ അക്കാര്യം കാട്ടി അപേക്ഷ ഫയല്‍ ചെയ്യാമെന്നും ബോര്‍ഡ് മറുപടി നല്‍കി.യുവതീ പ്രവേശനം അനുവദിച്ചുള്ള വിധിയെ മാനിക്കാന്‍ തീരുമാനിച്ചതായി ബോര്‍ഡിന്റെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കിയത്.