തിരുവനന്തപുരം: അടുത്തിടെ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ എൽ ഡി എഫിന് കനത്ത ആഘാതം ഏൽപ്പിച്ചത് ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൈക്കൊണ്ട നിലപാടാണ് .അഞ്ചു നിയോജകമണ്ഡലങ്ങളിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇടതുപക്ഷം ആഗ്രഹിക്കുന്നത് ശബരിമല വിഷയം ആകരുതെന്നാണ് .എന്നാൽ കോൺഗ്രസ് വിടുന്ന മട്ടില്ല മുല്ലപ്പള്ളി ,രമേശ് തുടങ്ങി എ കെ ആന്റണി വരെ ശബരിമല വിഷയത്തിൽ എൽ ഡി എഫിനെ തളച്ചിടാനാണ് ശ്രമിക്കുന്നത് .എല്ലാ യോഗത്തിലും അവർ ഇടതു സ്ഥാനാർത്ഥിയുടെ ശബരിമല വിഷയത്തിലെ നിലപാട് വിശദീകരിക്കാൻ ആവശ്യപ്പെടും .എൽ ഡി എഫ്‌ആകട്ടെ എന്ത് പറയണം എന്നറിയാതെ തപ്പിത്തടയുകയും ചെയ്യും .


ശബരിമല വിഷയത്തിൽ ബി ജെ പിയുടെയും സി പി എമ്മിന്റെയും നിലപാട് കാപട്യമാണെന്നാണ് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ കെ ആന്റണി ആരോപിക്കുന്നത് .നിയമനിർമ്മാണം വഴി പ്രതിസന്ധി മറികടക്കാമെന്നിരിക്കെ കേന്ദ്ര സർക്കാർ അതിനു ശ്രമിക്കുന്നില്ല  എന്ന് ആന്റണി കുറ്റപ്പെടുത്തുന്നു. അധികാരത്തിൽ വന്നാൽ വിശ്വാസ സംരക്ഷണത്തിന് നിയമം കൊണ്ട് വരുമെന്ന് ഇവിടെ വന്നു പ്രസംഗിച്ചിട്ടു പോയ പ്രധാനമന്ത്രി ജയിച്ച ശേഷം അതേക്കുറിച്ചു മിണ്ടുന്നില്ല .സി പി എമ്മാകട്ടെ ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ ദയനീയ പരാജയത്തിന് ശേഷം പറയുന്നത് വിശ്വാസികൾക്കൊപ്പമാണെന്നാണ് .അത് പറയേണ്ടത് കോടിയേരിയല്ല,മുഖ്യമന്ത്രി പിണറായി വിജയനാണ് .


ഇടതിനും ബി ജെ പിക്കുമെതിരായ എൻ എസ് എസ് നിലപാടിന് കാരണവും ശബരിമല വിഷയമാണ് .ശബരിമല വിഷയത്തിൽ  ഓർഡിനൻസ് ഇറക്കാത്തതിന് കേന്ദ്രസർക്കാരിനെയും ബി ജെ പിയെയും കുറ്റപ്പെടുത്തിയ എൻ എസ് എസ് ജനറൽ  സെക്രട്ടറി സുകുമാരൻ നായർ ഇടതുപക്ഷത്തേയും വെറുതെ വിട്ടില്ല നവോദ്ധാനത്തിൻറെ പേര് പറഞ്ഞു പിന്നോക്ക സമുദായങ്ങളുടെയും /പട്ടികജാതി വിഭാഗങ്ങളുടെയും വോട്ടുകൾ ഉന്നംവച്ചുകൊണ്ട് ഇടതുപക്ഷം സവർണ്ണ സമുദായങ്ങളെ മോശമായി ചിത്രീകരിച്ചു.  ഹിന്ദു വിഭാഗങ്ങളെ ഇടതുപക്ഷം രാഷ്ട്രീയ നേട്ടത്തിനായി പലതട്ടിലാക്കാൻ ശ്രമിച്ചു  എന്നും സുകുമാരൻ നായർ ആരോപിക്കുന്നു.