തിരുവനന്തപുരം:ശബരിമല യുവതീ പ്രവേശനത്തിന് പിന്നാലെ സംസ്ഥാനത്തുണ്ടായ ആക്രമണം പ്രതിരോധിക്കുന്നതില്‍ വീഴ്ചവരുത്തിയ പോലീസുദ്യോഗസ്ഥരെ ഡിജിപി ലോക്‌നാഥ് ബഹ്‌റ ശാസിച്ചു.മുന്നറിയിപ്പുണ്ടായിട്ടും കരുതല്‍ അറസ്റ്റ് നടത്തുന്നതില്‍ വീഴ്ച വരുത്തിയതിനാണ് ഡിജിപി എസ്പിമാരെ ശാസിച്ചത്.
ശബരിമല യുവതീ പ്രവേശനത്തെത്തുടര്‍ന്ന് സംസ്ഥാനത്തൊട്ടാകെ സംഘര്‍ഷ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു.ആക്രമണത്തിന് പദ്ധതിയിടുന്നവരുടെ വിവരങ്ങളടക്കം പോലീസിന് നല്‍കുകയും ചെയ്തിരുന്നു.എന്നാല്‍ അക്രമണ സാധ്യത മുന്നില്‍ക്കണ്ട് ഇവരെ കരുതല്‍ തടങ്കലിലാക്കാന്‍ പോലീസ് നടപടിയെടുത്തില്ല.
ഇനിയും ഇക്കാര്യത്തില്‍ വീഴ്ചയുണ്ടായാല്‍ നടപടിയുണ്ടാകുമെന്ന് ഡിജിപി എസ്പിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.ആക്രമണ സാധ്യത മുന്നില്‍ കണ്ട് മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാനും ഡിജിപി നിര്‍ദ്ദേശം നല്‍കി.ശബരിമല യുവതീ പ്രവേശനത്തിന് പിന്നാലെ വ്യാപക ആക്രമങ്ങളാണ് സംസ്ഥാനത്തുടനീളം നടന്നത്.പലയിടത്തും പോലീസ് നിസ്സഹായരായി നോക്കിനില്‍ക്കുകയും ആക്രമികള്‍ നിയമം കൈയിലെടുക്കുകയും ചെയ്യുകയായിരുന്നു.