തിരുവനന്തപുരം:ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു.നാളെ സുപ്രീംകോടതി ശബരിമല കേസുമായി ബന്ധപ്പെട്ട പുനപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്ന സാഹചര്യത്തിലാണ്് സര്‍ക്കാര്‍ തീരുമാനം.ഹര്‍ജികളില്‍ സുപ്രീം കോടതിയുടെ തീരുമാനം അറിഞ്ഞ ശേഷമായിരിക്കും യോഗം വിളിക്കുക.
തുലാമാസ പൂജയ്ക്കും, ചിത്തിര ആട്ടവിശേഷത്തിനുമായി ശബരിമല നടതുറന്നപ്പോള്‍ മല കയറാന്‍ യുവതികള്‍ എത്തിയത് സംഘര്‍ഷത്തില്‍ അവസാനിച്ചിരുന്നു. മണ്ഡലപൂജയ്ക്കായി നട തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഇനിയും പ്രതിഷേധവും സംഘര്‍ഷവും ഉണ്ടാവാന്‍ സാധ്യത കണക്കിലെടുത്താണ് സര്‍ക്കാര്‍ ജാഗ്രതയോടെ നീങ്ങുന്നത്.
ശബരിമലയിലെത്തുന്ന യഥാര്‍ഥ ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം യുവതികളുടെ മൗലികാവകാശങ്ങള്‍ ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം ഉണ്ടെന്ന് സംസ്ഥാനസര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. സര്‍വകക്ഷിയോഗം വിളിക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണെന്നും ഇക്കാര്യത്തില്‍ സന്തോഷമുണ്ടെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍ പ്രതികരിച്ചു.
അതേസമയം,യുവതീ പ്രവേശനത്തില്‍ സുപ്രീം കോടതി വിധി വന്നപ്പോള്‍ തന്നെ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കേണ്ടതായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്‍ പറഞ്ഞു.തലതിരിഞ്ഞ സര്‍ക്കാരുകള്‍ ഭരിക്കുന്നത് കൊണ്ടാണ് ഇത്തരം തലതിരിഞ്ഞ തീരുമാനങ്ങള്‍ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.