ചങ്ങനാശ്ശേരി:ശബരിമല പ്രശ്‌നത്തില്‍  സര്‍ക്കാര്‍ വിശ്വാസികള്‍ക്കിടയില്‍ ജാതീയ വേര്‍തിരിവുണ്ടാക്കാനാണ്  ശ്രമിക്കുന്നതെന്ന് എന്‍എസ്എസ്  ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍.സവര്‍ണനെന്നും അവര്‍ണനെന്നും വേര്‍തിരിവ് ഉണ്ടാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
അനാചാരങ്ങളും ദുരാചാരങ്ങളും ഉച്ചനീചത്വങ്ങളുമാണ് നവോത്ഥാന പ്രവര്‍ത്തനങ്ങളിലൂടെ  നമ്മുടെ നാട്ടില്‍ പരിഹരിക്കപ്പെട്ടിട്ടുള്ളത്.ആചാരാനുഷ്ഠാനങ്ങളുടേയും ഈശ്വരവിശ്വാസത്തിന്റേയും പ്രശ്നമാണ് ശബരിമല യുവതീപ്രവേശന വിഷയം.അതിന് നവോത്ഥാന പ്രവര്‍ത്തനങ്ങളുമായി യാതൊരു ബന്ധവുമില്ല.ഈ വസ്തുത തിരിച്ചറിഞ്ഞ കേസിന്റെ തുടക്കത്തില്‍ത്തന്നെ കോടതിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാന്‍ തയ്യാറാകാതെ, അതിന് അനുകൂല സത്യവാങ്മൂലം നല്‍കിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ പോലും ബന്ദിയാക്കി നിര്‍ത്തി, ചോദിച്ചുവാങ്ങിയ ഈ വിധിയിലൂടെ നിരീശ്വരവാദം നടപ്പാക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിന്റെ ഭാഗമാണ് നവോത്ഥാനത്തിന്റെ പേരില്‍ നടത്തിയ സംഗമം. സര്‍ക്കാര്‍ എത്രതന്നെ ശ്രമിച്ചാലും,ഈശ്വരവിശ്വാസികള്‍ക്കിടയില്‍ സവര്‍ണ്ണ, അവര്‍ണ്ണ ചേരിതിരിവോ ജാതിസ്പര്‍ദ്ധയോ സൃഷ്ടിച്ച് ശബരിമല വിഷയത്തില്‍ രാഷ്ട്രീയനേട്ടം ഉണ്ടാക്കാമെന്ന് കരുതുന്നുണ്ടെങ്കില്‍ അവര്‍ക്ക് തെറ്റുപറ്റി എന്ന് പറയാതെ വയ്യ എന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.