തിരുവനന്തപുരം:ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് മാറ്റാത്തതിനാലാണ് സഭയില്‍ അനിശ്ചിത അവസ്ഥ ഉണ്ടായതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.യുഡിഎഫ് എംഎല്‍എമാരുടെ സത്യഗ്രഹംകണ്ട് വിളറിപൂണ്ടാണ് സര്‍ക്കാര്‍ ശബരിമലയിലെ നിരോധനാജ്ഞ നീട്ടുന്നതെന്നും ചെന്നിത്തല
നിയമസഭ പിരിഞ്ഞതിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
ശബരിമലയില്‍ നട തുറന്ന് 26 ദിവസം കഴിഞ്ഞിട്ടും തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കുറവാണ്.തീര്‍ഥാടകര്‍ കൂടണമെങ്കില്‍ നിരോധാജ്ഞ പിന്‍വലിക്കണം. പഴയകാലത്തെ മുതലാളിമാര്‍ തൊഴിലാളികളോട് സ്വീകരിച്ചതുപോലെയാണ് പ്രതിപക്ഷ സമരത്തോടുള്ള സര്‍ക്കാര്‍ സമീപനമെന്നും ചെന്നിത്തല പറഞ്ഞു.മുഖ്യമന്ത്രി തന്നെ സഭയില്‍ നിന്ന് രണ്ടുതവണ ഇറങ്ങിപ്പോയി.ബ്രൂവറി, ഡിസ്റ്റിലറിക്ക് ശേഷം സര്‍ക്കാരിന്റെ മറ്റൊരു വലിയ അഴിമതി ഇന്ന് ഞങ്ങള്‍ പുറത്തുകൊണ്ടുവരുമെന്നതിനാല്‍ സര്‍ക്കാരിന് സഭ പിരയണമെന്നുണ്ടായിരുന്നതായും ചെന്നിത്തല ആരോപിച്ചു.