കൊല്ലം:ശബരിമല സമരത്തിന് പിന്നില്‍ ഒരു രാജാവും ഒരു ചങ്ങനാശ്ശേരിയും ഒരു തന്ത്രിയുമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
തിരുവനന്തപുരത്ത് നടന്ന അയ്യപ്പസംഗമത്തിന് പിന്നില്‍ സവര്‍ണ്ണ ലോബി തന്നെ ആയിരുന്നുവെന്നും വെള്ളാപ്പള്ളി ആവര്‍ത്തിച്ചു.കൊല്ലത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ബിജെപിയേയും എന്‍എസ്എസിനേയും കോണ്‍ഗ്രസിനേയും വെള്ളാപ്പള്ളി രൂക്ഷമായി വമര്‍ശിച്ചത്.
ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി വിധി നടപ്പാക്കുക മാത്രമാണ് കേരള സര്‍ക്കാര്‍ ചെയ്തത്.കോണ്‍ഗ്രസിനും ബിജെപിക്കും ശബരിമല വിഷയത്തില്‍ നിലപാടില്ല.എന്നാലും ബിജെപി നേട്ടമുണ്ടാക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ഒരു ചുക്കും സംഭവിക്കില്ല, എന്നാല്‍ കോണ്‍ഗ്രസിന്റെ സര്‍വനാശമാണ് സംഭവിക്കാന്‍ പോകുന്നതെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു.
അയ്യപ്പസംഗമത്തിന് രാഷ്ട്രീയലക്ഷ്യമുണ്ട്. ദേവസ്വം ബോര്‍ഡുകളിലും തൊണ്ണൂറ്റഞ്ച് ശതമാനം ക്ഷേത്രങ്ങളിലും സവര്‍ണ്ണാധിപത്യമാണ്.നാലു ശതമാനം മാത്രമാണ് പിന്നാക്കക്കാരും പട്ടികജാതിയും പട്ടിക വര്‍ഗവും ഉള്ളത്. ഹിന്ദുക്കളുടെ ഐക്യം പറയുന്നവര്‍ ഈഴവനെയും പട്ടികജാതിക്കാരനെയും ഹിന്ദുക്കളായി കണക്കാക്കിയിട്ടുണ്ടോ എന്ന് വെള്ളാപ്പളളി ചോദിച്ചു.’ഈഴവനും പട്ടികജാതിക്കാരനും ക്ഷേത്രങ്ങളില്‍ അര്‍ഹിക്കുന്ന പരിഗണനയും അവകാശവും തരുന്നുണ്ടോ.ഞങ്ങള്‍ ഹിന്ദുക്കളല്ല, ജന്തുക്കളാണ്’വെള്ളാപ്പളളി ചൂണ്ടിക്കാട്ടി.ഇവിടെ അയ്യപ്പജ്യോതിയും നാമജപവും അയ്യപ്പ സംഗമവും മാത്രം ചര്‍ച്ച ചെയ്ത് പോയാല്‍ മതിയോ എന്നും വെള്ളാപ്പള്ളി ചോദിച്ചു.