കോഴിക്കോട്:ശബരിമല സമരവുമായി ബന്ധപ്പെട്ട് ബിജെപിയില്‍ ഭിന്നത രൂക്ഷമാകുന്നു.സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി വി മുരളീധരന്‍ എം പിയാണ് രംഗത്തെത്തി.ആത്മാഭിമാനമുള്ള ഒരു ബിജെപിക്കാരനും ശബരിമല വിഷയത്തില്‍ ഒത്തുത്തീര്‍പ്പ് അംഗീകരിക്കില്ലെന്ന് വി മുരളീധരന്‍ പറഞ്ഞു.ശബരിമലയിലെ സമരം പിന്‍വലിക്കുമെന്ന നിലപാട് എന്ത് കൊണ്ടാണ് സ്വീകരിച്ചതെന്ന് സംസ്ഥാന അധ്യക്ഷന്‍ വ്യക്തമാക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
ബിജെപിയുടെ ശബരിമല സമരം പരാജയപ്പെട്ടുവെന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ത്തന്നെ അതൃപ്തിയുണ്ട്.ശബരിമല വിഷയത്തില്‍ പി എസ് ശ്രീധരന്‍പിള്ളയുടെ നിലപാടുകളോട് ആര്‍എസ്എസിനും എതിര്‍പ്പുണ്ട്.ശബരിമല വിഷയത്തില്‍ ശ്രീധരന്‍പിള്ള ഓരോഘട്ടത്തിലും തന്റെ നിലപാടുകള്‍ മാറ്റി പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയതായി ഒരു വിഭാഗം കരുതുന്നു.സ്ത്രീപ്രവേശനത്തിനെതിരെ സമരം തുടങ്ങിയ ബിജെപി പക്ഷേ പിന്നീട് എന്തിനെന്നറിയാതെ സമരം മുന്നോട്ടുകൊണ്ടുപോയി.ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരായല്ല, സംസ്ഥാനസര്‍ക്കാരിനെതിരായാണ് സമരമെന്ന് ശ്രീധരന്‍പിള്ള നിലപാട് മാറ്റിപ്പറഞ്ഞു.ശബരിമലയില്‍ നിന്നും സമരം സെക്രട്ടറിയറ്റിന് മുന്നിലേക്ക് മാറ്റാന്‍ തീരുമാനിച്ചതും പാര്‍ടിക്കുള്ളില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
എന്നാല്‍ വീണ്ടും നിലപാട് മാറ്റിക്കൊണ്ട് ശബരിമല സമരത്തില്‍ നിന്ന് പിന്മാറിയിട്ടില്ലെന്നാണ് പി എസ് ശ്രീധരന്‍ പിള്ള പറയുന്നത്.ശബരിമല വിഷയത്തില്‍ സമരം ശക്ത മാകുന്നതിന്റെ ഭാഗമായി സമരം സെക്രട്ടറിയേറ്റിനു മുമ്പിലേക് വ്യാപിപ്പിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. സന്നിധാനത്ത് ശബരിമല കര്‍മ്മസമിതിയാണ് സമരം നടത്തിയതെന്നും
ബിജെപി പിന്‍തുണനല്‍കുക മാത്രമാണ് ചെയ്തതെന്നുമാണ് ശ്രീധരന്‍പിള്ളയുടെ വാദം.