പത്തനംതിട്ട:ശബരിമല സ്ത്രീ പ്രവേശനത്തില്‍ വിശ്വാസികളുടെ വികാരത്തെ സര്‍ക്കാര്‍ വ്രണപ്പെടുത്തരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വിശ്വാസികള്‍ക്ക് വേണ്ടി വാദിച്ചില്ലെന്നും വിഷയം കൂടുതല്‍ പക്വതയോടെ കൈകാര്യം ചെയ്യണമെന്നും ചെന്നിത്തല പറഞ്ഞു.പത്തനംതിട്ടയില്‍ സുപ്രീം കോടതി വിധിക്കെതിരെ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന ഉപവാസ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകള്‍ പോലും പിന്തുണയ്ക്കാത്ത സാഹചര്യത്തില്‍ വിധി മറ്റൊരു ഭരണഘടനാ ബെഞ്ച് പുനഃപരിശോധിക്കണം.മദ്യഷോപ്പുകളുടെ വിഷയത്തില്‍ കോടതി ഉത്തരവ് പുനഃപരിശോധനാ വിധേയമാക്കാമെങ്കില്‍ ശബരിമലയിലെ സ്ത്രീ പ്രവേശനവും പുനഃപരിശോധിക്കാമെന്ന് ചെന്നിത്തല പറഞ്ഞു.ഇപ്പോള്‍ വന്ന വിധി അന്തിമമല്ല.വിധിയില്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ച് ഓഡിനന്‍സ് പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
1990ലെ ഹൈക്കോടതി വിധി മതപരമായ ആചാരങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നുണ്ട്. ഇത് ഭരണഘടനാ അനുഛേദം 14ന് എതിരല്ല. സ്ത്രീ സമത്വത്തിലും ട്രാന്‍സ് ജെന്റേഴ്സ് വിഷയത്തിലും യുഡിഎഫ് സ്വീകരിച്ച നിലപാട് വ്യക്തവും ശക്തവുമാണ്’. ചെന്നിത്തല പറഞ്ഞു.അമ്പലങ്ങളിലും പള്ളികളിലും പോകുന്നത് അന്ധവിശ്വാസമാണെന്ന് കോടിയേരിയേപ്പോലെ കോണ്‍ഗ്രസും യുഡിഎഫും വിശ്വസിക്കുന്നില്ല. അത് വ്യക്തി സ്വാതന്ത്ര്യമാണ്’. യുഡിഎഫ് വിശ്വാസികള്‍ക്കൊപ്പം ഉറച്ചുനില്‍ക്കും.ദേവസ്വം ബോര്‍ഡ് സംരക്ഷിക്കുന്നത് സര്‍ക്കാരിന്റെ താല്പര്യങ്ങള് മാത്രമാണെന്നും ശബരിമലയെ കലാപ ഭൂമിയാക്കിമാറ്റാന്‍ അനുവദിക്കില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.