തിരുവനന്തപുരം: എ.കെ. ശശീന്ദ്രന്‍ മന്ത്രി സ്ഥാനത്തേക്ക് വരുന്നത് ശരിയല്ലെന്നും ഇടതുമുന്നണി ഇക്കാര്യത്തില്‍ നിന്ന് പിന്തിരിയണമെന്നും കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. ശശീന്ദ്രന്‍ മന്ത്രിയെന്ന നിലയിലും പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും പാലിക്കേണ്ടിയിരുന്ന ധാര്‍മികത പുലര്‍ത്തിയില്ലെന്ന് കമ്മീഷന്‍ കണ്ടെത്തിയതായി വാര്‍ത്തകളുണ്ട്. ശശീന്ദ്രന്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞ അതേസ്ഥിതി തന്നെയാണ് ഇപ്പോഴുമുള്ളതെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
മാധ്യമങ്ങള്‍ക്ക് നേരെ നടപടി സ്വീകരിക്കണമെന്ന കമ്മീഷന്‍ നിര്‍ദേശം ഏകപക്ഷീയമായി നടപ്പാക്കരുത്. മാധ്യമപ്രവര്‍ത്തകരുടെ സംഘടനാ നേതാക്കളും മാധ്യമസ്ഥാപനങ്ങളുടെ തലവന്മാരും എഡിറ്റര്‍മാരുമായി ചര്‍ച്ച നടത്തി പൊതു സ്വീകാര്യതയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ നിര്‍ദ്ദേശം പരിശോധിക്കുന്നതാണ് ഉചിതമെന്നും വി.എം.സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഫോണ്‍ കെണിയുമായി ബന്ധപ്പെട്ട ജുഡീഷ്യല്‍ കമ്മീഷന്‍ ശ്രീ എ. കെ. ശശീന്ദ്രന് ക്ലീന്‍ ചിറ്റ് നല്‍കാത്ത സാഹചര്യത്തില്‍ അദ്ദേഹം മന്ത്രി സ്ഥാനത്തേക്ക് വരുന്നത് ശരിയല്ല. ശശീന്ദ്രന്‍ മന്ത്രിയെന്ന നിലയിലും പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും പാലിക്കേണ്ടിയിരുന്ന ധാര്‍മികത പുലര്‍ത്തിയില്ലെന്ന് കമ്മീഷന്‍ കണ്ടെത്തിയതായി മാധ്യമങ്ങളില്‍ വന്നിട്ടുണ്ട്. ശശീന്ദ്രന്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞ അതേ സ്ഥിതി തന്നെയാണ് ഇപ്പോഴുമുള്ളതെന്നാണ് ഇത് വ്യക്തമാക്കുന്നത്. അതുകൊണ്ട് ശശീന്ദ്രനെ മന്ത്രിയാക്കാനുള്ള നീക്കത്തില്‍നിന്ന് ഇടതുമുന്നണി പിന്തിരിയണം.
മാധ്യമങ്ങള്‍ക്ക് നേരെ നടപടി സ്വീകരിക്കണമെന്ന കമ്മീഷന്‍ നിര്‍ദേശം ഏകപക്ഷീയമായി നടപ്പാക്കരുത്. മാധ്യമപ്രവര്‍ത്തകരുടെ സംഘടനാ നേതാക്കളും മാധ്യമസ്ഥാപനങ്ങളുടെ തലവന്മാരും എഡിറ്റര്‍മാരുമായി ചര്‍ച്ച നടത്തി പൊതു സ്വീകാര്യതയുടെ അടിസ്ഥാനത്തില്‍ പ്രസ്തുത നിര്‍ദ്ദേശം പരിശോധിക്കുന്നതാണ് ഉചിതം.