തിരുവനന്തപുരം:യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തിയ കേസിലെ പ്രധാന പ്രതികള്‍ പോലീസ് പരീക്ഷയുടെ റാങ്ക് പട്ടികയിലിടം പിടിച്ചതിനെക്കുറിച്ച് പിഎസ്സി വിജിലന്‍സ് അന്വേഷിക്കുമെന്ന് പിഎസ്സി ചെയര്മാന് എം കെ സക്കീര്‍. അന്വേഷണ റിപ്പോര്‍ട്ട് വരുന്നത് പ്രതികള്‍ക്ക് അഡൈ്വസ് മെമ്മോ നല്‍കില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. അതേസമയം പ്രതികള്‍ക്ക് പരീക്ഷാകേന്ദ്രം അനുവദിച്ചതില്‍ ക്രമക്കേട് നടന്നിട്ടില്ലെന്നും പിഎസ്സിയുടെ വിശ്വാസ്യത തകര്‍ക്കുന്ന പ്രചാരണങ്ങള്‍ നടത്തരുതെന്നും ചെയര്മാന് അഭ്യര്‍ത്ഥിച്ചു. കാസര്‍കോട് ബറ്റാലിയനിലേക്കുള്ള നിയമനത്തിന് മൂന്നു പ്രതികളും പരീക്ഷ കേന്ദ്രമായി ആവശ്യപ്പെട്ടത് തിരുവനന്തപുരം ജില്ലയാണ്.2989 പേര് തിരുവനന്തപുരം ജില്ലയില്‍ പരീക്ഷ കേന്ദ്രം തെരെഞ്ഞെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.
ഒന്നാം പ്രതിയും കോളജ് എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റുമായ ശിവരഞ്ജിത്ത് സിവില്‍ പൊലീസ് ഓഫീസര്‍ കെഎപി നാലാം ബറ്റാലിയന് (കാസര്‍കോട്) റാങ്ക് ലിസ്റ്റില്‍ ഒന്നാമതാണ്.78.33 മാര്‍ക്കാണ് ലഭിച്ചത്.സ്പോര്‍ട്സിലെ വെയിറ്റേജ് മാര്‍ക്കായി 13.58 മാര്‍ക്ക് ഉള്‍പ്പെടെ 91.91 മാര്‍ക്ക് ലഭിച്ചു.രണ്ടാം പ്രതിയും കോളജ് യൂണിറ്റു സെക്രട്ടറിയുമായ നസീം പൊലീസ് റാങ്ക് ലിസ്റ്റില്‍ 28ാം റാങ്കുകാരനാണ്.എസ്എഫ്ഐ യൂണിറ്റ് ഭാരവാഹിയായ പ്രണവ് ആണ് റാങ്ക് ലിസ്റ്റിലുള്ള മറ്റൊരു പ്രതി. ജൂലൈ ഒന്നിനാണ് റാങ്ക് പട്ടിക നിലവില്‍വന്നത്.