ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ പരാമര്‍ശം നടത്തി ശശി തരൂര്‍ എംപി വീണ്ടും വിവാദത്തിലേക്ക്.മോദി ശിവലിംഗത്തിന്റെ പുറത്തിരിക്കുന്ന തേളാണെന്ന് ഒരു ആര്.എസ്.എസ് നേതാവ് പറഞ്ഞിട്ടുണ്ടെന്നാണ് തരൂരിന്റെ പരാമര്‍ശം.തന്റെ പുതിയ പുസ്തകമായ പാരഡോക്സിക്കല്‍ പ്രൈം മിനിസ്റ്റര്‍ എന്ന പുസ്തകത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയ തരൂര്‍ ബംഗളൂരു സാഹിത്യ ഉത്സവത്തില്‍ സംസാരിക്കുകയായിരുന്നു.
അധികാരത്തില്‍ നിന്നും മോദിയെ മാറ്റാന്‍ ബുദ്ധിമുട്ടാണെന്ന് ബി.ജെ.പിയുടെ മാതൃസംഘടനയായ ആര്.എസ്.എസിന് ഉത്തമ ബോധ്യമുണ്ട്.’ശിവലിംഗത്തിന്റെ പുറത്തിരിക്കുന്ന തേളാണ് ഇപ്പോള്‍ ആര്.എസ്.എസിനു മോദി.അതിനെ കൈകൊണ്ടു മാറ്റാനും കഴിയില്ല,ചെരിപ്പിന് അടിക്കാനും കഴിയില്ല’ഇങ്ങനെയായിരുന്നു ആര്.എസ്.എസുകാരന്റെ വാക്കുകളെന്ന് തരൂര്‍ പറഞ്ഞു.
പേര് വെളിപ്പെടുത്താന്‍ തയ്യാറല്ലാത്ത ഒരു മുതിര്‍ന്ന ആര്.എസ്.എസ് നേതാവ് മോദിയെക്കുറിച്ച് ഒരു മാദ്ധ്യമ പ്രവര്‍ത്തകനോട് പറഞ്ഞതാണ് ഇക്കാര്യങ്ങള്‍.അതേസമയം, വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് വിഷയത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇടപെട്ട് തരൂരിനെക്കൊണ്ട് മാപ്പ് പറയിക്കണമെന്ന് ആവശ്യപ്പെട്ടു.ശിവഭക്തനാണെന്ന് അവകാശപ്പെടുന്ന രാഹുല്‍ ഗാന്ധി ശിവനെ അവഹേളിക്കുന്ന ഈ പ്രസ്താവനയ്ക്കെതിരെ രംഗത്ത് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാല്‍ ആറ് വര്‍ഷം മുമ്പ് മറ്റൊരാള്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് തന്നെ കുറ്റപ്പെടുത്തുന്നതെന്തിനെന്ന് തരൂര്‍ തിരിച്ചടിച്ചു.