കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ സ്‌ഫോടനപരമ്പരയുടെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു.അമാഖ് ന്യൂസ് ഏജന്‍സി വഴിയാണ് വിവരം പുറത്തുവിട്ടത്.തങ്ങളുടെ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തുന്നവര്‍ക്കും ക്രിസ്ത്യാനികള്‍ക്കും എതിരെയാണ് ആക്രമണം നടത്തുന്നതെന്നും ഐഎസ് പറയുന്നു. ആക്രമണത്തിന്റെ ഇത്തരവാദിത്വം ഏറ്റെടുത്തെങ്കിലും തെളിവുകള്‍ പുറത്തുവിട്ടിട്ടില്ല.അതേസമയം ഈസ്റ്റര്‍ ദിനത്തില്‍ സെന്റ് സെബാസ്‌ററ്യന്‍ പള്ളിയില്‍ പ്രാര്‍ത്ഥനാ സമയം പുറത്തു തൂക്കിയ ബാഗുമായി ഒരു ചെറുപ്പക്കാരന്‍ കയറിപ്പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ദേശീയ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു. ബോംബുമായി ചാവേറായി വന്നത് ഇയാളാണെന്ന് കരുതുന്നു.
സ്‌ഫോടനത്തില്‍ ഇതുവരെ 320 ലേറെപ്പേര്‍ കൊല്ലപ്പെടുകയും അഞ്ഞൂറിലേറെപ്പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.പരുക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാനിടയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. മരിച്ച വിദേശികളുടെ വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് 24 പേരെ അറസ്റ്റ് ചെയ്തു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ അധ്യക്ഷതയില്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ യോഗം ചേര്‍ന്നു.