ദില്ലി:മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കി.വാതുവയ്പ്പ് കേസിലാണ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ വാതുവയ്പ്പ് കേസില്‍ ശ്രീശാന്തിനെ കോടതി കുറ്റവിമുക്തനാക്കിയിട്ടില്ല.ശ്രീശാന്തിന് നല്‍കേണ്ട ശിക്ഷ എന്തെന്ന് ബിസിസിഐ മൂന്ന് മാസത്തിനകം തീരുമാനിച്ച് അറിയിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു.

ശ്രീശാന്ത് തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അത് തെളിയിക്കപ്പെടേണ്ടതുണ്ട്. അതെന്തായാലും ആജീവനാന്തവിലക്കല്ല നല്‍കേണ്ടത്.അച്ചടക്ക നടപടിയും ക്രിമിനല്‍ കേസും രണ്ടാണെന്നും ജസ്റ്റിസുമാരായ അശോക് ഭൂഷന്‍,കെ എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

2013 – ല്‍ നടന്ന വാതു വെപ്പ് കേസില്‍ വിചാരണക്കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയപ്പോഴും ബിസിസിഐ
വിലക്ക് തുടരുകയായിരുന്നു.രാജ്യാന്തര, ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും ഉള്‍പ്പെടെ വിലക്കിക്കൊണ്ടായിരുന്നു നടപടി. ഇതിനെതിരെ ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അത് തള്ളിയതിനെത്തുടര്‍ന്ന് 2018 ജനുവരിയില്‍ ശ്രീശാന്ത് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
ആജീവനാന്ത വിലക്ക് എന്നത് ഭരണാഘടനാവിരുദ്ധമാണെന്നും അത് ഒരു പൗരനെന്ന നിലയില്‍ തന്റെ അവകാശങ്ങള്‍ക്ക് എതിരാണെന്നും കേസിന്റെ വാദത്തിനിടയില്‍ ശ്രീശാന്ത് കോടതിയില്‍ വാദിച്ചിരുന്നു.