കേരളത്തിലെ സിനിമാ തീയറ്ററുകള്‍ ഇന്നു മുതല്‍ വര്‍ദ്ധിച്ച നിരക്കിലായിരിക്കും സിനിമാ ടിക്കറ്റുകള്‍ വില്‍ക്കുക. 10 മുതല്‍ 30 രൂപ വരെയാണ് വിവിധ ക്ലാസ്സുകളിലെ ടിക്കറ്റുകള്‍ക്ക് വില കൂടിയിരിക്കുന്നത്. സാധാരണ ടിക്കറ്റിന് ഇനി മുതല്‍ 130 രൂപ നല്‍കേണ്ടി വരും. ജി.എസ്.ടിയും ക്ഷേമനിധി തുകയും വിനോദ നികുതിയും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയതോടുകൂടിയാണ് ടിക്കറ്റ് ചാര്‍ജ്ജ് കൂട്ടാന്‍ തീയറ്റര്‍ ഉടമകള്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ നികുതി ഏര്‍പ്പെടുത്തിയതിനെതിരെ സിനിമാ തീയറ്റര്‍ ഉടമകള്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ചുള്ള നടപടികള്‍ നീണ്ടു പോകുകയായിരുന്നു. കോടതി വിധി സര്‍ക്കാരിന് അനുകൂലമാണെങ്കില്‍ തീയറ്റര്‍ ഉടമകള്‍ മുന്‍കാല പ്രാബല്യത്തോടെ വിനോദ നികുതി നല്‍കണം. ശനിയാഴ്ച മുതല്‍ തന്നെ ഏതാനും തീയറ്ററുകള്‍ ടിക്കറ്റ് ചാര്‍ജ്ജ് കൂട്ടിയിരുന്നു. കേരളത്തില്‍ സാധാരണ ടിക്കറ്റിന് 95 രൂപയാണ് വില. ഇതിനൊപ്പം 3 രൂപ ക്ഷേമനിധി തുകയും 2 രൂപ സര്‍വ്വീസ് ചാര്‍ജ്ജും ചേര്‍ത്തതോടെയാണ് ഇത് 100 രൂപയായി മാറിയത്. ഇതിനൊപ്പം ജി.എസ്.ടിയും പ്രളയസെസും ചുമത്തിയതോടെ ടിക്കറ്റ് നിരക്ക് 113 രൂപയിലേക്കും എത്തി. ടിക്കറ്റിന്റെ അടിസ്ഥാന വില 95ല്‍ നിന്നും 106 രൂപയായി ഉയര്‍ന്നു. ജി.എസ്.ടി ഫലത്തില്‍ 18% ആയി. ഇതോടെയാണ് സാധാരണ ടിക്കറ്റ് നിരക്ക് 130 രൂപയായി ഉയര്‍ന്നത്.