തിരുവനന്തപുരം:നെയ്യാറ്റിന്‍കരയിലെ സനലിന്റെ കൊലക്കേസിലെ പ്രതി ഹരികുമാറിനെതിരെ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്.കൊലപാതകം പിടിവലിക്കിടയില്‍ സംഭവിച്ചതല്ലെന്നും ഹരികുമാര്‍ സനലിന്റെ ചെകിട്ടത്തടിച്ച ശേഷം പാഞ്ഞ് വന്ന കാറിനുമുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്നുമാണ് റിപ്പോര്‍ട്ട്. സംഭവത്തിന് സാക്ഷികളുണ്ടെന്നും ഡിവൈഎസ്പി ഹരികുമാറിന് ജാമ്യം നല്‍കരുതെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും.ഹരികുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെയാണ് കോടതി പരിഗണിക്കുന്നത്.
ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെടുന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ കൂടുതല്‍ വകുപ്പുകള്‍ ഹരികുമാറിനെതിരെ ചുമത്തിയതായും പറയുന്നുണ്ട് പ്രതികളെ സഹായിച്ചവരും തെളിവു നശിപ്പിച്ചവരും അടക്കം കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്ളതിനാല്‍ തന്നെ പൊലീസിനെ കബളിപ്പിക്കല്‍,തെളിവ് നശിപ്പിക്കല്‍,സംഘംചേരല്‍,മര്‍ദ്ദനം തുടങ്ങിയ വകുപ്പുകളും ഹരികുമാറിനെതിരെ ചുമത്തിയിട്ടുണ്ട്.നേരത്തെ കൊലപാതക കേസ് മാത്രമായിരുന്നു ലോക്കല്‍ പൊലീസ് ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നത്.