തിരുവനന്തപുരം:നെയ്യാറ്റിന്‍കരയിലെ സനലിന്റെ മരണം തലയ്‌ക്കേറ്റ ക്ഷതം മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് ഡിവൈഎസ്പി പിടിച്ചു തള്ളിയപ്പോള്‍ വാഹനമിടിച്ച് സനലിന്റെ തലയ്ക്ക് പരിക്കേറ്റിരുന്നു.ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ സനലിന്റെ തല റോഡിലിടിച്ച് രക്തസ്രാവമുണ്ടാവുകയായിരുന്നു.സനലിന്റെെ വലതുകയ്യുടെ എല്ലിനും വാരിയെല്ലിനും ഒടിവു പറ്റിയതായും വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം പോലീസിനെതിരെ ഗുരുതരമായ ആരോപണവുമായി സനലിന്റെ കുടുംബം രംഗത്തെത്തി.പരിക്കേറ്റുകിടന്ന സനലിന്റെ വായിലേക്ക് പൊലീസുകാര്‍ മദ്യമൊഴിച്ചുകൊടുത്തെന്ന് സഹോദരി ആരോപിച്ചു.സനല്‍ മദ്യപിക്കാറില്ലെന്നും കേസ് വഴിതിരിച്ചുവിടാനാണ് സനലിന് മദ്യമൊഴിച്ചുകൊടുത്തതെന്നും സഹോദരി പറയുന്നു.
അതേസമയം ഇപ്പോഴും ഒളിവില്‍ക്കഴിയുന്ന പ്രതി ഡിവൈഎസ്പി ബി.ഹരികുമാര്‍ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.ഹരികുമാര്‍ മധുരയിലേക്ക് കടന്നെന്ന് പോലീസ് പറഞ്ഞെങ്കിലും ഇയാള്‍ തന്റെ സ്വാധീനമുപയോഗിച്ച് നാട്ടില്‍ത്തന്നെ ഒളിവില്‍ പാര്‍ക്കാനാണ് സാധ്യതയെന്നാണ് ഇയാളെ അടുത്തറിയുന്നവര്‍ പറയുന്നത്.സര്‍വീസ് റിവോള്‍വറുമായാണ് ഹരികുമാര്‍ ഒളിവില്‍ പോയത്.