ശബരിമല:ഇന്നലെ രാത്രിയില്‍ ശബരിമല സന്നിധാനത്ത് അപ്രതീക്ഷിത പ്രതിഷേധം നടത്തിയ 72 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.അറസ്റ്റ് ചെയ്തവരെ മണിയാര്‍ പോലീസ് ക്യാമ്പിലേക്ക് മാറ്റി. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തും.പ്രതിഷേധക്കാരില്‍ കണ്ടാലറിയാവുന്ന 200ഓളം പേര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. അറസ്റ്റിലായവരെ വൈദ്യപരിശോധന നടത്തിയ ശേഷം ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും. നിരോധനാജ്ഞ പ്രഖ്യാപിച്ച സന്നിധാനത്ത് പ്രതിഷേധിച്ചതും സംഘര്‍ഷത്തിന് ശ്രമിച്ചതുമാണ് ഇവര്‍ക്കെതിരായ കുറ്റം.
രാത്രി 10 മണിക്ക് ശേഷം സന്നിധാനത്ത് ആളുകളെ തങ്ങാന്‍ അനുവദിക്കില്ല എന്നായിരുന്നു പൊലിസിന്റെ നിലപാട്. എന്നാല്‍ എല്ലാവര്‍ക്കും വിരിവയ്ക്കാന്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. മാളികപ്പുറത്തിന് സമീപത്ത് നിന്നാണ് പ്രതിഷേധം തുടങ്ങിയത്. നെയ്യഭിഷേകത്തിന് നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് വിരിവെക്കാനും മറ്റും സൗകര്യമൊരുക്കിയിരുന്നു.ബുക്ക് ചെയ്യാത്തവരില്‍ സംശയം തോന്നിയവരെ പൊലീസ് നീക്കം ചെയ്യാന്‍ ശ്രമിച്ചതാണ് പ്രതിഷേധത്തിന് കാരണമെന്നാണ് സൂചന.പൊലീസ് നീക്കം ചെയ്തവര്‍ അപ്രതീക്ഷിതമായി സംഘടിച്ച് വലിയ നടപ്പന്തലിലെത്തി നാമജപ പ്രതിഷേധം നടത്തുകയായിരുന്നു.സംഘപരിവാര്‍ അയ്യപ്പ കര്‍മ സമിതി നേതാക്കളാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്.പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും അതിനു തയ്യാറാവാതെ പ്രതിഷേധിച്ച സാഹചര്യത്തിലാണ് പൊലിസ് അറസ്റ്റിലേക്ക് നീങ്ങിയത്.
അതേസമയം സന്നിധാനത്തെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഇന്നലെ രാത്രിമുതല്‍ തന്നെ സംസ്ഥാനവ്യാപകമായി പ്രതിഷേധം നടക്കുകയാണ്.യുവമോര്‍ച്ച സംസ്ഥാനത്ത് ഇന്ന് പ്രതിഷേധ ദിനം ആചരിക്കുകയാണ്.മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിന് മുന്നില്‍ പുലര്‍ച്ചെ 1.30ന് തുടങ്ങിയ നാപജപ പ്രതിഷേധസമരം രാവിലെ നാല് മണിയോടെയാണ് അവസാനിപ്പിച്ചത്.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ ആറന്‍മുളയിലെ വസതിക്ക് മുന്നിലും പ്രതിഷേധമുണ്ടായി.വീട് പ്രതിഷേധക്കാര്‍ ഉപരോധിച്ചു. ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തില്‍ അമ്പതോളം പേരാണ് പത്മകുമാറിന്റെ വീടിന് മുന്നില്‍ കുത്തിയിരുന്ന് നാമജപ പ്രതിഷേധം നടത്തിയത്.