തിരുവനന്തപുരം:സമരങ്ങള്‍ക്കിടെ സ്വകാര്യസ്വത്ത് നശിപ്പിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരും.ഓര്‍ഡിനന്‍സിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്വകാര്യസ്വത്തിനും പൊതുമുതലിന് സമാനമായ സംരക്ഷണം ലഭിക്കും.അക്രമികളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുകയാണ് ഓര്‍ഡിനന്‍സ് വഴി ലക്ഷ്യം വക്കുന്നത്.
ജീവനും സ്വത്തും സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. നാശനഷ്ടങ്ങള്‍ പൊതുമുതല്‍ നശീകരണമായി കാണും.സ്വകാര്യ സ്വത്തും സംരക്ഷിക്കാനാണ് ഓര്‍ഡിനന്‍സ് ഇറക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.സംസ്ഥാനത്ത് സംഘപരിവാര്‍ സംഘടനകളാണ് അക്രമങ്ങള്‍ അഴിച്ചുവിടുന്നത്.ബിജെപിയുടെ വിരട്ടല്‍ ഇങ്ങോട്ട് വേണ്ട. അതിനുള്ള ശേഷിയും ബിജെപിക്കില്ല.സംഘപരിവാര്‍ നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ മറ്റ് സംസ്ഥാനങ്ങള്‍ നടപടികള്‍ സ്വീകരിക്കില്ലായിരിക്കും.എന്നാല്‍, ഇവിടെ അത് നടക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുന്നാക്ക വിഭാഗത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംവരണത്തെ മുന്‍പ് തന്നെ സിപിഎം പിന്തുണച്ചിട്ടുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.പണിമുടക്കില്‍ പങ്കെടുക്കാന്‍ ആരെയും നിര്‍ബന്ധിക്കില്ല.അതിന് ആവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.