സമൂഹത്തോട് ഇടപെടുമ്പോള്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മറ്റുള്ളവര്‍ ഇങ്ങോട്ട് എങ്ങനെ പെരുമാറണം എന്ന് നമുക്ക് ആഗ്രഹിക്കുവാന്‍ അവകാശം ഇല്ല. അത് അബദ്ധമാണ്, അവിവേകമാണ്! കാരണം മറ്റൊരാള്‍ ഒരിക്കലും നമ്മുടെ ഇഷ്ടങ്ങളുടെ നിയന്ത്രണത്തില്‍ അല്ല പ്രവര്‍ത്തിക്കുന്നത്, ഓരോരുത്തരും അവരവരുടെ ഇഷ്ടങ്ങളുടെ നിയന്ത്രണത്തില്‍  ആയിരിക്കുന്നു. ഒരാള്‍ നല്ലത് ചെയ്താലും മറ്റൊരാള്‍ അതിനെ നിരുത്സാഹപ്പെടുത്തും വിധം പ്രതികരിച്ചെന്നുവരാം. ഓരോരുത്തരും അവരവരുടെ സ്വഭാവത്തിനനുസരിച്ച് പെരുമാറുമ്പോള്‍ നാം എന്താ വേണ്ടത്? നന്മ ചെയ്യുന്നതില്‍നിന്നും പിന്തിരിയുകയല്ലല്ലോ വേണ്ടത്. കൂടുതല്‍ നന്മ ചെയ്യുകയാണ് വേണ്ടത്. ചെയ്യുന്നത് നന്മയാണെങ്കില്‍  സമൂഹത്തിന്‍റെ നല്ലതോ ചീത്തയോ ആയ പ്രതികരണത്തില്‍ നമ്മുടെ ശ്രദ്ധപതിയേണ്ടതില്ല. ആ പ്രതികരണങ്ങളില്‍പ്പെട്ടുപോയാല്‍ അത് നമ്മുടെ കര്‍മ്മശക്തിയെ ബലഹീനമാക്കുകയേയുള്ളൂ. നമ്മുടെ പ്രവൃത്തിയിലെ ഓരോ നന്മയും നമ്മെ ആന്തരിക പരിശുദ്ധിയിലേയ്ക്ക് ഉയര്‍ത്തുന്നുണ്ട്. അതുതന്നെയാണ് നന്മ ചെയ്യുന്നതിന്‍റെ ആത്മലാഭം! പരിശുദ്ധി വര്‍ദ്ധിക്കുന്നതിന്‍റെ ലക്ഷണങ്ങളാണ് ശാന്തിയും ആനന്ദവും ഭൂതദയയും. പരിശുദ്ധി വര്‍ദ്ധിക്കുന്തോറും പരഹൃദയസ്പന്ദനവും  അനുഭവിച്ചറിയാനുള്ള സിദ്ധിയുണ്ടായിവരുന്നു. പരഹൃദയജ്ഞാനം പരിശുദ്ധിയുള്ളൊരാളിന്‍റെ പരമമായ സിദ്ധിയാണ്. അത്തരം പുണ്യാത്മാക്കള്‍, സമൂഹം ആവശ്യപ്പെടാതെ തന്നെ അപരന്‍റെ ആവശ്യം അറിഞ്ഞ് അവര്‍ക്ക്  നന്മ ചെയ്യുന്നു. നന്മ ചെയ്യുവാന്‍ ഒരാളെ പ്രേരിപ്പിക്കുന്നത് ആന്തരിക പരിശുദ്ധി ആകുന്നതുപോലെ തിന്മ ചെയ്യാന്‍ ഒരാളെ പ്രേരിപ്പിക്കുന്നത് ഉള്ളിലെ അശുദ്ധിയാണ്. അത് ഈഗോ ആയും അസൂയയായും സ്വാര്‍ത്ഥതയായും വിദ്വേഷമായും പ്രവര്‍ത്തിക്കുന്നു. സമൂഹത്തിന്‍റെ സ്തുതിയോ നിന്ദയോ കാതോര്‍ക്കാതെ ഈശ്വരാര്‍പ്പിതമായി നന്മ ചെയ്യുവാന്‍ കഴിയുമെങ്കില്‍ അവര്‍ ആന്തരിക ബലവും പരിശുദ്ധിയും നേടിക്കഴിഞ്ഞവരാണ്! ദുഃഖവും നിരാശയും ദൗര്‍ബല്യത്തിന്‍റെ ലക്ഷണമാണ്. ശാന്തിയും ആനന്ദവുമാണ് കരുത്തിന്‍റെ ലക്ഷണം! ദൗര്‍ബല്യങ്ങള്‍ക്ക് അടിമപ്പെട്ട് നന്മ ചെയ്യുന്നതില്‍ നിന്ന് പിന്തിരിയാതെ കരുത്തോടുകൂടി കൂടുതല്‍ നന്മ ചെയ്ത് ആത്മലാഭം എന്ന സിദ്ധി നേടുക. ഓം