കോഴിക്കോട്:സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നവരെ നിശബ്ദരാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് തനിക്കെതിരായ കേസെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു.പ്രതികരിച്ചാല്‍ തീവ്രവാദിയാക്കും.എന്നാല്‍ തനിക്ക് പേടിയില്ലെന്നും ജോയ്മാത്യു വ്യക്തമാക്കി.കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മിഠായിത്തെരുവില്‍ പ്രകടനം നടത്തിയതിന് ജോയ്മാത്യുവിനെതിരെ കേസെടുത്തിരുന്നു.കേസില്‍ കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ എത്തിയപ്പോഴാണ് ജോയ്മാത്യു സര്‍ക്കാരിനെതിരെ തുറന്നടിച്ചത്.അഡ്വ.എം.എസ്.സജിയ്ക്കും സംവിധായകന്‍ ഗിരീഷ് ദാമോദറിനുമൊപ്പമാണ് അദ്ദേഹം സ്റ്റേഷനില്‍ എത്തിയത്.
താന്‍ നടത്തിയ പ്രകടനം നിയമലംഘനമായി കണക്കാക്കാന്‍ കഴിയില്ല.നിരോധനമുണ്ടെങ്കില്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കി ജനങ്ങളെ അറിയിക്കുകയും ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്യണമെന്നും ജോയ്മാത്യു ആവശ്യപ്പെട്ടു.നിയമം ലംഘിച്ച് കൂട്ടം ചേരല്‍,മന:പൂര്‍വ്വം ലഹളയുണ്ടാക്കാനുള്ള ശ്രമം,ഔദ്യോഗിക കൃത്യ നിര്‍വ്വഹത്തിന് തടസ്സം സൃഷ്ടിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അതേസമയം,മൗനപ്രകടനമാണ് മിഠായിത്തെരുവില്‍ നടത്തിയത്.പ്രകടനം നിരോധിച്ചതായുള്ള അറിയിപ്പുകള്‍ ഒന്നും അവിടെ ഉണ്ടായിരുന്നില്ല.പിഴയടച്ച് കേസ് തീര്‍പ്പാക്കാമെന്ന് പൊലീസ് അറിയിച്ചെങ്കിലും ജോയ് മാത്യു അതിനു തയ്യാറായില്ല.
മിഠായിത്തെരുവില്‍ പ്രകടനങ്ങള്‍ക്കും സമരങ്ങള്‍ക്കും ജില്ലാ കലക്ടര്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണെന്നും ഇക്കാരണത്താലാണ് ജോയ് മാത്യുവിനെതിരെ കേസ് എടുത്തതെന്നുമാണ് പോലീസ് പറയുന്നത്.