ചങ്ങനാശ്ശേരി:ശബരിമല സ്ത്രീരപവേശന വിഷയത്തില്‍ സര്‍ക്കാരിനെതിരെ വീണ്ടും എന്‍എസ എസ്.യുവതീപ്രവേശനത്തിലൂടെ ആചാരാനുഷ്ഠാനങ്ങള്‍ ഇല്ലാതാക്കി നിരീശ്വരവാദം നടപ്പാക്കാനുള്ള ആസൂത്രിത നീക്കമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നടന്നുവരുന്നതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറഞ്ഞു.
ജനങ്ങള്‍ നല്‍കിയ അധികാരം ഉപയോഗിച്ച് ഏത് ഹീനമാര്‍ഗ്ഗത്തിലൂടേനയും പാര്‍ട്ടി നയം നടപ്പാക്കാം എന്നാണ് സര്‍ക്കാര്‍ കരുതുന്നത്. സമാധാനപരമായി പരിഹരിക്കാവുന്ന വിഷയം സങ്കീര്‍ണമാക്കിയത് സര്‍ക്കാരാണ്. അനാവശ്യമായ നിരോധനാജ്ഞ നടപ്പാക്കുക, നിരപരാധികളായ ഭക്തജനങ്ങളെ കേസില്‍ കുടുക്കുക, ഹൈന്ദവ ആചാര്യന്‍മാരെ ആക്ഷേപിക്കുക, വിശ്വാസികളെ വെല്ലുവിളിക്കുകയും പരിഹസിക്കുകയും ചെയ്യുക – എന്നിവയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.
നിലവിലുള്ള ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കേണ്ടത് ബഹുഭൂരിപക്ഷം വരുന്ന വിശ്വാസികളുടെ ആവശ്യമാണ്. അത് സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്.സര്‍ക്കാര്‍ അത് സംരക്ഷിക്കാന്‍ ശ്രമിക്കുന്നില്ലെങ്കില്‍ വിശ്വാസികള്‍ രംഗത്തുവരുന്നതില്‍ തെറ്റു പറയാനാവുമമായെന്നും സുകുമാരന്‍ നായര്‍ ചോദിക്കുന്നു.
ശബരിമല വിഷയം എല്ലാ മത-സാമുദായിക വിഭാഗങ്ങളുമായി ബന്ധപ്പെട്ടതാണ്.അവിടുത്തെ വിശ്വാസം തകര്‍ക്കാന്‍ ആരേയും അനുവദിക്കാന്‍ പാടില്ല.വിശ്വാസലംഘനങ്ങള്‍ക്കെതിരെ സമാധാനപരമായി പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറഞ്ഞു.