തിരുവനന്തപുരം:തമ്പാനൂര്‍ റെയില്‍വേസ്‌റ്റേഷനില്‍ സ്ഥാപിച്ച സംസ്ഥാനസര്‍ക്കാരിന്റെ ഫ്‌ളക്‌സ്‌ബോര്‍ഡുകള്‍ നീക്കിയതിനെതിരെ പ്രതിഷേധവുമായി എ സമ്പത്ത് എംപി.സ്റ്റേഷന്‍ ഡയറക്ടറുടെ ഓഫീസില്‍ എത്തിയ എം പി അധികൃതരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.വിഷയത്തില്‍ റെയില്‍വേ അധികൃതരുമായി എംപി ചര്‍ച്ച നടത്തുകയാണ്.
സര്‍ക്കാരിന്റെ ആയിരംദിന പരസ്യ ബോര്‍ഡുകളുള്‍പ്പെടെയാണ് നീക്കിയത്.ചില ഫ്‌ളക്‌സുകള്‍ മറച്ചു. തമിഴ്നാട്ടിലോ, കര്‍ണ്ണാടകയിലോ ആണെങ്കില്‍ ഉദ്യോഗസ്ഥര്‍ ഇങ്ങനെ ചെയ്യുമോ എന്ന് എം പി ചോദിക്കുന്നു. പിആര്‍ഡി നല്‍കിയ പരസ്യമാണ് റെയില്‍വേ നീക്കം ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖം കാണുന്നത് പലര്‍ക്കും ഇഷ്ടമല്ല.ആ പരസ്യങ്ങളിലൊന്നും തെരഞ്ഞെടുപ്പ് അടയാളമില്ല. പുറത്തു നിന്നും വരുന്ന പലര്‍ക്കും കേരളം ഒന്നായി നില്‍ക്കുന്നത് കാണുന്നത് ഇഷ്ടമല്ല. നടപടിക്ക് പിന്നില്‍ രാഷ്ട്രീയ താല്‍പര്യമുണ്ടെന്നും എംപി പറഞ്ഞു.
അതേസമയം അനുമതിയില്ലാതെയാണ് ഫ്‌ളക്‌സുകള്‍ സ്ഥാപിച്ചതെന്ന് പരസ്യക്കമ്പനി പറയുന്നു.റെയില്‍വേയ്ക്ക് പരസ്യത്തിന്റെ കുടിശ്ശിക നല്‍കാനുണ്ട്.കൊടുക്കാനുള്ള 50 ലക്ഷം രൂപ ഉടന്‍ അടയ്ക്കുമെന്നും പരസ്യക്കമ്പനി പറഞ്ഞു.