തിരുവല്ല:സാമൂഹിക പ്രതിബദ്ധതയ്ക്ക് വീണ്ടും കൂടുതൽ പ്രാധാന്യം നല്കി കൊണ്ട് നിരവധി പുതിയ പദ്ധതികളും സ്ഥാപനങ്ങളും ആരംഭിക്കുന്നതിന് ലക്ഷ്യമിട്ട് സാമ്പത്തിക പരിഷ്കരണ കമ്മിറ്റിക്ക് ബിലീവേഴ്സ് ഈസ്റ്റേണ്‍ സഭാ രൂപം നല്കി.
ബിലീവേഴ്സ് ഈസ്റ്റേണ്‍ സഭ യുടെ എല്ലാ ഭദ്രാസനങ്ങളും ഇടവകകളും വിശദമായ സാമ്പത്തിക പരിഷ്കരണങ്ങളിലൂടെ കടന്നുപോകണമെന്നും നിലവിലുള്ള വാര്‍ഷിക ചെലവുകള്‍ വെട്ടിച്ചുരുക്കണമെന്നും ആര്‍ഭാടചിലവുകളും വിവിധ പദ്ധതി നിര്‍വ്വഹണചെലവുകളും കുറയ്ക്കണമെന്നും ബിലീവേഴ്സ് ഈസ്റ്റേണ്‍ സഭയുടെ സാമ്പത്തിക പരിഷ്കരണങ്ങള്‍ക്കുവേണ്ടി ചേര്‍ന്ന സിനഡ് തീരുമാനിച്ചു.സഭാ ആസ്ഥാനമായ സെന്‍റ്തോമസ് നഗറില്‍ ചേര്‍ന്ന സിനഡ് സഭാ പരമാദ്ധ്യക്ഷന്‍ മോറാന്‍ മോര്‍ അത്തനേഷ്യസ് യോഹാന്‍ പ്രഥമന്‍ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു. സഭയുടെ പിതാക്കന്മാരും വൈദികരും മറ്റു സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പദ്ധതികളുടെയും ചുമതലവഹിക്കുന്നവര്‍ സാമ്പത്തിക പരിഷ്കരണങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്നും സാമൂഹിക പ്രതിബദ്ധത ഉള്ളവരായി രാജ്യനന്മയ്ക്കുവേണ്ടി നല്ല കാര്യസ്ഥരായി മാറണമെന്നും ഉദ്ഘാടനപ്രസംഗത്തില്‍ മെത്രാപ്പൊലീത്ത ആഹ്വാനം ചെയ്തു.
സാമ്പത്തിക പരിഷ്കരണങ്ങള്‍ നടപ്പിലാക്കുന്നതിനും നിരീക്ഷിക്കുന്നതും പ്രത്യേക കമ്മറ്റിക്ക് രൂപീകരണം നല്‍കി. ചിലവ് ചുരുക്കലിലൂടെ ലഭിക്കുന്ന അധികവരുമാനം രാജ്യത്തിന്‍റെ പിന്നോക്ക മേഖലകളില്‍ വിദ്യാഭ്യാസ ആരോഗ്യ സംരക്ഷണത്തിന് ഉപയോഗിക്കുവാനും തീരുമാനിച്ചു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളുടെ ഇടയില്‍ ക്ലിനിക്കുകള്‍ തുടങ്ങുവാനും സേവനതല്പരരായ ഡോക്ടര്‍മാരെ വാര്‍ത്തെടുക്കുന്നതിനും കുറഞ്ഞചെലവില്‍ സാധാരണക്കാര്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിന് മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കുവാനും തീരുമാനിച്ചു. സഭയുടെ എല്ലാ ഭദ്രാസനങ്ങളിലും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടുകൂടി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുവാനും തീരുമാനിച്ചു. ഈ പദ്ധതികള്‍ക്ക് ആവശ്യമായ സാമ്പത്തികസഹായം സാമ്പത്തികപരിഷ്കരണ പദ്ധതികളിലൂടെ കണ്ടെത്തുവാന്‍ കമ്മറ്റിയെ ചുമതലപ്പെടുത്തിയതായി ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് പി.ആര്‍.ഒ:ഫാ. സിജോ പന്തപ്പള്ളില്‍ അറിയിച്ചു.