തിരുവനന്തപുരം:കോടികളുടെ ക്രമക്കേടു നടന്നെന്ന പരാതിയില്‍ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ ഭാരവാഹികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഡിജിപി ഉത്തരവിട്ടു.കേസെടുക്കണമെന്ന് കാണിച്ച് ക്രൈംബ്രാഞ്ച് ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മൂന്നര കോടിയുടെ അഴിമതിയാരോപിച്ച് യുഎന്‍എ മുന്‍ വൈസ് പ്രസിഡന്റ് സിബി മുകേഷ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.2017 ഏപ്രില്‍ മുതല്‍ യുഎന്‍എയുടെ അക്കൗണ്ടിലേക്ക് മൂന്നരക്കോടി രൂപ ലഭിച്ചെന്നും ദേശീയ വൈസ് പ്രസിഡന്റ് ജാസ്മിന്‍ ഷാ ഈ തുക വകമാറ്റിയെന്നുമാണ് സിബി മുകേഷ് പരാതിയില്‍ ആരോപിച്ചത്.
ഡിജിപിക്ക് നല്‍കിയ പരാതി ആദ്യമന്വേഷിച്ച തൃശൂര്‍ ക്രൈം ബ്രാഞ്ച് യൂണിറ്റ് ക്രമക്കേടില്ലെന്നാണ് റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ പരാതിക്കാരുടെ മൊഴിപോലും രേഖപ്പെടുത്താതെ നല്‍കിയ റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ട് പരാതിക്കാര്‍ വീണ്ടും ക്രൈംബ്രാഞ്ച് മേധാവിയെ സമീപിച്ചു. തുടര്‍ന്ന് കേസ് തിരുവനന്തപുരം യൂണിറ്റിനു കൈമാറി.അന്വേഷണം നടത്തിയശേഷം ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റാണ് കേസെടുക്കാന്‍ ശുപാര്‍ശ നല്‍കിയത്.