ഹരാരേ: സിംബാബ്വേയില് സൈന്യം അധികാരം ഏറ്റെടുത്തു. പട്ടാള അട്ടിമറിയിലൂടെയാണോ അധികാരം പിടിച്ചെടുത്തതെന്ന കാര്യം വ്യക്തമല്ല. എന്നാല്‍ പ്രസിഡന്റ് മുഗാബേയും കുടുംബവും സുരക്ഷിതരാണെന്ന് സൈന്യം പറയുന്നു. മുഗാബേ വിദേശത്തേക്ക് പറക്കാന്‍ തയ്യാറെടുക്കുകയാണെന്നും മറ്റ് മന്ത്രിമാര്‍ ഉടന്‍ അറസ്റ്റ് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.
പ്രസിഡന്റ് റോബര്‍ട്ട് മുഗാബേയുടെ ചുറ്റുമുള്ള കുറ്റവാളികളില്‍നിന്ന് രാജ്യത്തെ രക്ഷിക്കുന്നതിനാണ് അധികാരം പിടിച്ചെടുത്തതെന്ന് സൈന്യം പ്രഖ്യാപിച്ചു. കൂടാതെ രാജ്യത്തിന്റെ സാമ്പത്തിക സാമൂഹ്യ അരക്ഷിതാവസ്ഥയ്ക്ക് കാരണം പ്രസിഡന്റ് മുഗാബേയ്ക്ക് ചുറ്റുമുള്ള കുറ്റവാളി സംഘങ്ങളാണെന്നും ഇവരില്‍നിന്ന് രാജ്യത്തെ മോചിപ്പിക്കുന്നതിനും നീതി നടപ്പാക്കുന്നതിനുമാണ് ശ്രമിക്കുന്നതെന്നും സൈനിക വാക്താവ് പറയുന്നു.
ആയുധ ധാരികളായി സൈന്യവും സൈനിക വാഹനങ്ങളും തലസ്ഥാനമായ ഹരാരേയില്‍ പട്രോളിങ് നടത്തുന്നുന്നതിന്റെ ചിത്രങ്ങള്‍ പുറത്തു വരുന്നുണ്ട്.
സിംബാബ്വേയുടെ നാഷണല്‍ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റിംങ് ചാനലായ സെഡ് ബിസിയുടെ നിയന്ത്രണം പിടിച്ചെടുത്ത സൈന്യം സൈനിക അട്ടിമറിയല്ല നടന്നിട്ടുള്ളതെന്ന് ടെലിവിഷനിലൂടെ അറിയിച്ചു. ദീര്‍ഘകാലം വൈസ് പ്രസിഡന്റായിരുന്ന മുന്‍ സൈനിക മേധാവി എമ്മേഴ്സണ് നംഗാവയെ അടുത്തിടെ മുഗാബേ പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സെനിക നടപടി.
എന്നാല്‍, ഏതെങ്കിലും തരത്തിലുള്ള സൈനിക സമ്മര്‍ദ്ദങ്ങള്‍ക്ക് കീഴ്പെടില്ലെന്നാണ് മുഗാബേയുടെ സാനുപിഎഫ് പാര്‍ട്ടി പറയുന്നത്.