ഇപ്പോള്‍ സിനിമാമേഖലയെ ബാധിക്കുന്ന സിനിമാ പൈറസി പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി കേരളത്തില്‍ റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കു ശേഷം മാത്രമായിരിക്കും മറ്റ് സംസ്ഥാനങ്ങളില്‍ മലയാള ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തുക. അടുത്തിടെ ഇറങ്ങിയ ബിഗ്ബജറ്റ് ചിത്രങ്ങളായ മാമാങ്കം, ലൂസിഫര്‍ എന്നിവയുടെ വ്യാജപതിപ്പ് വ്യാപകമായി ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ പ്രചരിച്ചത് വലിയ നഷ്ടമാണ് ഉണ്ടാക്കിയത്. അതിനാലാണ് ഇത്തരമൊരു നടപടിയെടുക്കാന്‍ പ്രൊഡ്യുസേഴ്സ് അസോസിയേഷന് തീരുമാനിച്ചത്. അതേ സമയം അന്യസംസ്ഥാന താരങ്ങള്‍ അഭിനയിക്കുന്ന മലയാള ചിത്രങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലും ഒരേ സമയം റിലീസ് ചെയ്യുന്നതിന് തടസ്സമുണ്ടാകില്ല. റിലീസിനൊരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രം മരയ്ക്കാറില്‍ തമിഴ്താരങ്ങളായ അര്ജ്ജുന്, പ്രഭു, ബോളിവുഡ് താരം സുനില്‍ ഷെട്ടി തുടങ്ങിയവര്‍ മുഖ്യവേഷം കൈകാര്യം ചെയ്യുന്ന സാഹചര്യത്തിലാണ് ഈ ഇളവ്. മലയാള സിനിമകളുടെ വ്യാജപതിപ്പ് കൂടുതലും ഇറങ്ങുന്നത് അന്യസംസ്ഥാനങ്ങളില്‍ നിന്നാണ്. ബാംഗ്ലൂര്‍ പോലുള്ള നഗങ്ങളില് പൈറസി മാഫിയകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് തങ്ങളുടെ അന്വേഷണത്തില്‍ നിന്ന് മനസ്സിലായതെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് അറിയിച്ചു. മലയാള സിനിമകള്‍ കാണാന്‍ അന്യസംസ്ഥാനത്തുള്ള മലയാളികള്‍ കുറച്ച് കാത്തിരിക്കണമെന്ന് സാരം.