കാസര്‍കോട്: സിപിഎം ഓഫീസുകള്‍ ബലാല്‍സംഗകേന്ദ്രങ്ങളായി മാറിയെന്നും കേരളത്തിലെ സ്ത്രീ സുരക്ഷ അപകടത്തിലാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.യുഡിഎഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന് കാസര്‍കോട് എത്തിയ ചെന്നിത്തല മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ചെര്‍പ്പുള്ളശ്ശേരിയില്‍ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസില്‍ വച്ച് യുവതി പീഡിപ്പിക്കപ്പെട്ടെന്ന ആരോപണമുയര്‍ന്ന പശ്ചാത്തലത്തിലാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.
കോലീബി സഖ്യമെന്ന കോടിയേരിയുടെ പ്രസ്താവന മുന്‍കൂര്‍ ജാമ്യം എടുക്കലെന്നും അരി ആഹാരം കഴിക്കുന്നവര്‍ ഇത് വിശ്വസിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. യഥാര്‍ത്ഥത്തില്‍ കേരളത്തില്‍ ബിജെപിയും സിപിഐഎമ്മും ചേര്‍ന്ന് യുഡിഎഫിന്റെ സീറ്റ് കുറക്കാന്‍ ശ്രമിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 20 ല്‍ 20 സീറ്റും നേടും.മോദിയെ താഴെയിറക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അപ്പോള്‍ എങ്ങനെ ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്നും ചെന്നിത്തല ചോദിച്ചു.
സംസ്ഥാനത്ത് കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ സഖ്യ ധാരണയെന്ന് കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ പറഞ്ഞിരുന്നു.