ന്യൂഡല്‍ഹി:സിബിഐയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ അന്വേഷിക്കാന്‍ മുന്‍ സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ സമിതിയെ നിശ്ചയിച്ച് സുപ്രീം കോടതി ഉത്തരവിട്ടു.ജസ്റ്റിസ് ജെ.കെ.പട്‌നായികിന്റെ മേല്‍നോട്ടത്തില്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷനാണ് അന്വേഷണം നടത്തുന്നത്.രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
സിബിഐയുടെ ഇടക്കാല ഡയറക്ടറായി നിയമിതനായ നാഗേശ്വര റാവു ഒക്ടോബര് 23 മുതല്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കേണ്ടതില്ലെന്നും നാഗേശ്വര റാവു നയപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ പാടില്ലെന്നും കോടതി പറഞ്ഞു.നാഗേശ്വര റാവു പത്തിലേറെപ്പേരെ സ്ഥലം മാറ്റിയിരുന്നു. ഇതുമായ ബന്ധപ്പെട്ട വിശദ വിവരം സീല്‍ ചെയ്ത കവറില്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.തന്നെ
നിയമവിരുദ്ധമായാണ് നീക്കിയതെന്നാരോപിച്ച് മുന്‍ സിബിഐ ഡയറക്ടര്‍ അലോക് വര്‍മ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ ഉത്തരവ്. കേന്ദ്ര സര്‍ക്കാരിനും സിബിഐ യ്ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു.ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ച് കേസ് നവംബര്‍ 22 ലേക്ക് മാറ്റിവച്ചു.